കൂട്ടായ്മയിലൂടെ ജൈവ പച്ചക്കറികൃഷി; വലപ്പാട് പഞ്ചായത്തിലെ 8-)o വാർഡിൽ വർഷങ്ങളായി തരിശായിക്കിടന്ന ഭൂമി കൃഷിക്കായി ഒരുങ്ങി
വലപ്പാട്: വാർഡിലെ ഓരോ പ്രദേശത്തും കൂട്ടായ്മയിലൂടെ ജൈവ പച്ചക്കറികൃഷി എന്ന ആശയത്തിന് തുടക്കം കുറിച്ചു വലപ്പാട് ഗ്രാമപഞ്ചായത്തിലെ 8-)o വാർഡ്. എടമുട്ടം നെറ്റിക്കോട് ഒരേക്കറോളം വരുന്ന സ്ഥലത്ത് വെണ്ട, വഴുതന, തക്കാളി, മത്ത, കുമ്പളം, പടവലം, കൈപ്പ, കക്കിരി,തണ്ണിമത്തൻ, വെള്ളരി എന്നീ ഇനങ്ങളാണ് ഇസാഫിൻറ സഹകരണത്തോടെ ആദ്യ ഘട്ടത്തിൽ കൃഷിയിറക്കുന്നത്.
വാർഡ് മെമ്പർ അജ്മൽഷെറീഫിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതിക്ക് പരിപൂർണ്ണ പിന്തുണയുമായി നെറ്റിക്കോട് നിവാസികളും വാർഡിലെ യുവാക്കളും ഒത്തു കൂടിപ്പോൾ വർഷങ്ങളായി തരിശായിക്കിടന്ന ഭൂമി കൃഷിക്കായി ഒരുങ്ങി.
കൃഷിയുടെ ഉദ്ഘാടനം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക്, വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുശാന്ത് സുകുമാരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഇസാഫ് പ്രതിനിധികളായ എം പി ജോർജ്ജ്, ഉല്ലാസ് സ്കറിയ, വാർഡിലെ പൊതുപ്രവർത്തകർ, യുവാക്കൾ , വിദ്യാർത്ഥികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
മാതൃകാപരമായ ഈ കാർഷിക സംരംഭത്തിന് മുഴുവൻ പിന്തുണയും ഉണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, കർഷകൻ കൂടിയായ വലപ്പാട് എസ് എച് ഒ സുശാന്ത് കുമാറും പറഞ്ഞു.