വലപ്പാട് ആശുപത്രി വികസനം; ബഹുജന മെമ്മോറണ്ടം സർക്കാരിന് സമർപ്പിച്ചു

തിരുവനന്തപുരം: വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ഒരു താലൂക്കു തല ആശുപത്രിയായി അപ്ഗ്രേഡുചെയ്യുന്നതിനായി ജനകീയ സമര സമിതി തയ്യാറാക്കിയ ഭീമഹരജിയുൾപ്പെട്ട ബഹുജന മെമ്മോറണ്ടം ഇന്ന് സർക്കാരിന് സമർപ്പിച്ചു.

മുഖ്യമന്ത്രി, ആരോഗ്യ വകുപ്പു മന്ത്രി, ധനകാര്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് സി സി മുകുന്ദൻ എം എൽ എ മുഖേന നിയമസഭാ മന്ദിരത്തിൽ വെച്ചാണ് ഇന്ന് സമരസമിതി നിവേദനം സമർപ്പിച്ചത്.

സമിതി പ്രവർത്തകരായ പി എൻ പ്രോവിന്റ്, ടി എ പ്രേംദാസ്, ജോസ് താടിക്കാരൻ, സരസ്വതി വലപ്പാട്, എം എ സലിം, നസീർ പി എം എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

ജില്ലയിലെ എം എൽ എമാരായ എ സി മൊയ്തീൻ, വി ആർ സുനിൽകുമാർ, ടൈസൺ മാസ്റ്റർ, പി ബാലചന്ദ്രൻ, സേവ്യർ എന്നിവരുമായും ആശുപത്രി വികസനം ചർച്ച ചെയ്തു. മന്ത്രി വീണ ജോർജിനെ കാണുന്നതിന് സംഘത്തോടൊപ്പം കെ കെ രമ എം എൽ എ ആണുണ്ടായിരുന്നത്. വിഷയത്തിൽ പ്രതികരിച്ച ആരോഗ്യ മന്ത്രിയും ധനവകുപ്പു മന്ത്രിയും ധനവിഭവ പ്രശ്നമാണ് തടസമായി ചൂണ്ടിക്കാട്ടിയത്.

ഏറെ കാലമായി അവഗണന നേരിടുന്ന ആശുപത്രിക്ക് ശതാബ്ദിയുടെ ഭാഗമായെങ്കിലും നിലവാരമുയർത്തൽ സാധ്യമാക്കണമെന്ന് ആവശ്യപ്പെടുകയാണ് സമരസമിതി ചെയ്തത്.

ആശുപത്രി വികസനം സ്പഷ്ടമാക്കുന്ന ബഹുജന മെമ്മോറാണ്ടത്തിന്മേൽ അനുകൂല സമീപനം സർക്കാരിൽ നിന്ന് സമീപഭാവിയിൽ ഉണ്ടായില്ലെങ്കിൽ ബഹുജന ധാർമിക സമരങ്ങൾ ആരംഭിക്കുക എന്നതാണ് സമിതിയുടെ ആലോചനയിലുള്ളത്.

മെമ്മോറണ്ടത്തിന്റെ പകർപ്പ് എല്ലാ ദേശീയ പാർടികളുടേയും നിയമസഭയിലെ മറ്റു പാർടികളുടേയും ജില്ലാ ഘടകങ്ങൾക്കു നൽകി ഈ വിഷയത്തിൽ അവയുടെ പിന്തുണയും സഹകരണവും തേടുന്നതിനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Related Posts