വലപ്പാട് പഞ്ചായത്തും പോലീസും ഒത്തുചേർന്നു അവശനായ ആൾക്ക് സംരക്ഷണം ഒരുക്കി
തൃശൂർ :എടമുട്ടത്തെ കടത്തിണ്ണകളിൽ കുറച്ച് ദിവസങ്ങളായി അവശനിലയിൽ കാണപ്പെട്ടിരുന്ന ചേർപ്പ് ചിറക്കൽ സ്വദേശിയായ മമ്മസ്രായില്ലത്ത് മൂസയ്ക്കാണ് ചികിത്സയും സംരക്ഷണവും ഒരുക്കിയത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മൂസയെ കാലിലെ പഴുപ്പ് പാദം വരെ ഒലിച്ചിറങ്ങിയ അവസ്ഥയിൽ എടമുട്ടത്ത് കണ്ട് തുടങ്ങിയത്. മൂന്ന് നേരവും ഭക്ഷണം നാട്ടുകാരും കച്ചവടക്കാരും വാങ്ങി നൽകിയിരുന്നു.
വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് വലപ്പാട് പോലീസ് സുശാന്ത് കെ എസ്, പോലീസ് ജനമൈത്രി അംഗം ഷെമീർ എളേടത്ത്, ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് നഴ്സ്മാരായ സരിത ഷാജൻ, ലിൻസി ജോബി, തുടങ്ങിയവരും സ്ഥലത്ത് എത്തി മൂസയെ കുളിപ്പിച്ച് മുറിവ് വൃത്തിയാക്കി. ഏറെ നാളുകളായി ചികിത്സ തേടാത്തതിനാൽ പഴുപ്പ് ബാധിച്ച് അസ്ഥി വരെ പുറത്തായ അവസ്ഥയി. ഏറെ സമയം ചിലവഴിച്ചാണ് മുറിവ് വൃത്തിയാക്കിയത്. ശേഷം കുളിപ്പിച്ച് പുതു വസ്ത്രങ്ങൾ ധരിപ്പിച്ച് വലപ്പാട് സി പി ട്രസ്റ്റ് സൗജന്യമായി വിട്ടു നൽകിയ ആംബുലൻസിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാലിലെ പഴുപ്പിന് ശമനം വന്നാൽ ഇദ്ധേഹത്തിന് തുടർ സംരക്ഷണം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, വി കെ അലിയാർ, കെ വി രതീഷ്, നിഷാദ് വി കെ, മുത്തു സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.