മരമുത്തശ്ശിക്ക് ആദരമർപ്പിച്ച് വലപ്പാട് സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ പരിസ്ഥിതിദിനാഘോഷം

വലപ്പാട് ജിവിഎച്ച്എസ്എസ് എസ് പി സി കേഡറ്റുകൾ ഒരേ ഒരു ഭൂമിയെ ഹരിതാഭമാക്കാൻ പ്രതിജ്ഞയെടുത്ത് മര തൈകളും പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളുമായി വർണ്ണാഭമായ ഘോഷയാത്രയോടെ വലപ്പാട് സ്കൂൾ ഗ്രൗണ്ടിന് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന 200 വർഷത്തോളം പ്രായമായ പേരാൽ മരമുത്തശ്ശിയെ സന്ദർശിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക കെ സി ജിഷ, ഹെൽത്ത് ഇൻസ്പെക്ടർ രമേഷ്, ശാസ്ത്രസാഹിത്യപരിഷത്ത് വലപ്പാട് യൂണിറ്റ് പ്രസിഡൻറ് അഡ്വ. ശോഭൻ എന്നിവർ കേഡറ്റുകൾക്ക് സന്ദേശം നൽകി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മുജീബ്, സ്കൂൾ വികസന സമിതി അംഗം ജിഹാസ്, എസ് പി സി പ്രൊജക്ട് സിപി ഒ ഡാഗി വി പി,വലപ്പാട് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഹാരി എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ സ്കൂൾ വികസനസമിതിയംഗം ഹനീഷ് കുമാർ കെ ബി ഈ പേരാലിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചരിത്രവും പേരാൽ ഒരു പ്രത്യേക ആവാസവ്യവസ്ഥ തന്നെയാണ് ഒരുക്കുന്നതെന്നും കേഡറ്റുകളോട് വിശദീകരിച്ചു. തുടർന്ന് മര മുത്തശ്ശിയെ അലങ്കരിച്ച് ചുറ്റും ചിരാതുകൾ തെളിയിച്ച് മരമുത്തശ്ശിയെ കേഡറ്റുകൾ ആദരിക്കുകയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

Related Posts