വന്ദേ ഭാരത് ട്രെയിനുകളിൽ വിമാനത്തിന് സമാന ശുചിത്വ രീതി നടപ്പാക്കണം; അശ്വിനി വൈഷ്ണവ്
ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനുകളിൽ വിമാനത്തിന്‍റേതിനു സമാനമായ ശുചിത്വ രീതി നടപ്പാക്കണമെന്ന നിർദ്ദേശവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് ട്രെയിനുകളിൽ അലക്ഷ്യമായി മാലിന്യം കെട്ടിക്കിടക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. ഇതിനു പിന്നാലെ ശുചീകരണ രീതി പരിഷ്‌കരിച്ചുവെന്ന് അവകാശപ്പെട്ട് വീഡിയോ മന്ത്രി പങ്കുവച്ചു. പരിഷ്കാരങ്ങൾക്കായി യാത്രക്കാരുടെ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു. പുതിയ സംവിധാനം അനുസരിച്ച് ജീവനക്കാർ പാസഞ്ചർ സീറ്റിൽ വന്ന് മാലിന്യം സ്വീകരിക്കും. വന്ദേ ഭാരത് എക്സ്പ്രസിൽ അശ്രദ്ധമായി മാലിന്യം കിടക്കുന്നതിന്‍റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടർന്ന് കർശന നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മാലിന്യങ്ങൾ നിക്ഷേപിക്കാനും ട്രെയിനുകൾ വൃത്തിയായി സൂക്ഷിക്കാനും ഡസ്റ്റ് ബിന്നുകൾ ഉപയോഗിക്കാൻ റെയിൽവേയും യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു.