ഐഎസ്എല്ലിലുമെത്തുന്നു വാർ; ബെൽജിയം മോഡൽ നടപ്പാക്കാനൊരുങ്ങി അധികൃതർ

ഇന്ത്യൻ സൂപ്പർ ലീഗിലെ റെഫറിയിങ് പിഴവുകൾ പരിഹരിക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). യൂറോപ്യൻ രാജ്യമായ ബെൽജിയം നടപ്പാക്കുന്നതിന് സമാനമായി ഇന്ത്യയിൽ വീഡിയോ അസിസ്റ്റ് റെഫറിയിങ് (വാർ) സംവിധാനം അവതരിപ്പിക്കാനാണ് ഫെഡറേഷൻ പ്രസിഡന്‍റ് കല്യാൺ ചൗബെ താൽപ്പര്യപ്പെടുന്നത്. ഐഎസ്എല്ലിൽ വാർ വേണമെന്ന് ആവശ്യം കുറെക്കാലമായി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് നടപ്പിലാക്കുന്നതിനുള്ള വലിയ ചെലവ് ഫെഡറേഷനെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ ചൗബയുടെ നേതൃത്വത്തിലുള്ള ഫെഡറേഷൻ പ്രതിനിധികൾ ബെൽജിയം സന്ദർശിച്ചിരുന്നു. വളരെ ചെലവുകുറഞ്ഞ ഒരു വാർ സംവിധാനമാണ് ബെൽജിയം സ്വന്തമായി നടപ്പാക്കുന്നത്. ചൗബെ ഇപ്പോൾ ഇത് മാതൃകയാക്കാൻ ഒരുങ്ങുകയാണ്. "ബെൽജിയത്തിൽ, 16 മോണിറ്ററുകളും നാല് ആളുകളും ചേർന്നാണ് വാർ സംവിധാനം നടപ്പാക്കുന്നത്. ഇവിടെ ഇന്ത്യയിൽ ധാരാളം ഐടി പ്രൊഫഷണലുകൾ ഉണ്ട്, അവരുടെ സഹായം തേടുകയാണെങ്കിൽ, സ്വന്തമായി അത്തരമൊരു വാർ സംവിധാനം ഇവിടെയും നടപ്പാക്കാൻ കഴിയും," ചൗബെ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കാൻ തയ്യാറാണെന്നും ചൗബെ പറഞ്ഞു.

Related Posts