'വരാഹരൂപ' വിവാദം; കേസ് കോഴിക്കോട് ജില്ലാകോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: 'വരാഹരൂപം' എന്ന ഗാനം മാതൃഭൂമി മ്യൂസിക്കിനു വേണ്ടി ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്‍റെ പകർപ്പാണെന്ന തൈക്കൂടം ബ്രിഡ്ജിന്‍റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് ജില്ലാ കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. വാണിജ്യ തർക്കവുമായി ബന്ധപ്പെട്ട കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ തൈക്കൂടം ബ്രിഡ്ജ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സംഗീത സംവിധായകൻ ബി.എൽ അജനീഷാണ് കേസിലെ എതിർ കക്ഷി. തൈക്കൂടം ബ്രിഡ്ജിന്റെ ആസ്ഥാനം എറണാകുളത്താണെന്നും അതിനാൽ പകർപ്പവകാശ നിയമപ്രകാരം എറണാകുളത്ത് കേസ് ഫയൽ ചെയ്യണമെന്നുമാണ് എതിർഭാഗം വാദിച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വാണിജ്യ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിക്ക് മാത്രമേ കേസ് പരിഗണിക്കാനാകൂ എന്ന വാദവും കോടതി തള്ളി.