'വരാഹരൂപം' വിവാദം; പൃഥ്വിരാജിനെതിരായ തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ
കൊച്ചി: വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിർ കക്ഷിയായ നടൻ പൃഥ്വിരാജിനെതിരായ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജനപ്രിയ മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജ്, തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് വരാഹരൂപം ചിട്ടപ്പെടുത്തിയെന്നാരോപിച്ച് നിയമനടപടി ആരംഭിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരന്‍റെ കമ്പനിക്കാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമനടപടികൾക്ക് കാരണം. തങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതം അനുവാദമില്ലാതെ സിനിമയ്ക്കായി ഉപയോഗിച്ചെന്നാണ് തൈക്കൂടം ബ്രിഡ്ജ് ആരോപിക്കുന്നത്. കപ്പ ടിവിയുടെ നവരസം എന്ന ആൽബത്തിൽ നിന്നും പകർത്തിയ ഗാനമാണ് കാന്താരയിലെതെന്നാണ് പരാതി.