തുനിവിനെ പിന്നിലാക്കി വാരിസ്; ചിത്രം 300 കോടി ക്ലബ്ബില്‍
പൊങ്കൽ റിലീസ് ചിത്രം 'വാരിസ്' 300 കോടി ക്ലബ്ബിൽ പ്രവേശിച്ചതായി റിപ്പോർട്ട്. റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം നേടി. വിജയ് ചിത്രത്തിനൊപ്പം റിലീസ് ചെയ്ത അജിത്തിന്‍റെ 'തുനിവ്' ആഗോളതലത്തിൽ 250 കോടിയാണ് നേടിയത്. രണ്ട് ചിത്രങ്ങളും ഒടിടി റിലീസിനു തയ്യാറെടുക്കുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത 'വാരിസി'ൽ രശ്മിക മന്ദാന, ശരത് കുമാർ , പ്രകാശ് രാജ്, ശ്യാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 300 കോടി ക്ലബിൽ ഇടം നേടുന്ന വിജയ് യുടെ രണ്ടാമത്തെ ചിത്രമാണ് വാരിസ്. അറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ ആയിരുന്നു വിജയ്യുടെ ആദ്യ 300 കോടി ചിത്രം. 'വലിമൈ'ക്ക് ശേഷം അജിത്തും എച്ച് വിനോദും ഒന്നിച്ച ചിത്രമാണ് 'തുനിവ്'. ബാങ്ക് കവർച്ചയുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. അസുരനു ശേഷം മഞ്ജു വാര്യർ തമിഴിൽ നായികയായി എത്തിയ ചിത്രമാണിത്. സമുദ്രക്കനി, വീര, ജോൺ കൊക്കന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.