വർഷായനം.

മഴയനുഭവങ്ങൾ! !! കല.

അതെത്ര കേട്ടാലും പറഞ്ഞാലും , ആസ്വദിച്ചാലും മതിയടങ്ങുകയില്ല.

കണക്കില്ലാതെ സ്വപ്നം കാണുന്ന, ആ സ്വപ്നത്തിലേക്ക് പറന്നുയരാൻ വെമ്പൽകൊള്ളുന്ന, ബാല്യത്തിന്റെ ഒരു പ്രതിനിധി തന്നെയായിരുന്നു ഞാനും.

അതുകൊണ്ടുതന്നെ സ്വപ്നങ്ങൾക്ക് ചിറകേകുന്ന മഴയുടെ തുടിതാളം എനിക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു .

ഓടിൻപുറത്ത് ചറപറാ ന്ന് വീഴുന്ന മഴത്തുള്ളിയുടെ മേളം ആരംഭിക്കുമ്പോഴേ ഞങ്ങൾ കുട്ടികൾ അച്ഛമ്മയുടെ സ്പോഞ്ച് കിടക്കയിൽ, കമ്പിളി പുതപ്പിനുള്ളിലേക്ക് നൂഴ്ന്നിറങ്ങും.

പുറത്ത്, ഹുങ്കാരത്തോടെ ആർത്തലച്ചു പെയ്യുന്ന മഴ! കട്ടിപിടിച്ച തണുപ്പ് ! ഇടിമിന്നലിനെ പിടിച്ചു കെട്ടാനുള്ള അച്ഛമ്മയുടെ അർജുനൻ, ഫൽഗുണൻ എന്നു തുടങ്ങുന്നതായിട്ടുള്ള നാമജപം ! ഇന്ന്, ഇതെല്ലാം സുഖകരമായ ഓർമ്മകൾ മാത്രം!

തുടർന്ന് മഴയുടെ ശക്തി കുറയുന്നതോടെ ഏട്ടൻ നിർമ്മിച്ച പേപ്പർ വഞ്ചിയുടെ റിലീസിംഗ് ആണ്.

ഞങ്ങൾ കുട്ടികൾ, കിഴക്കേ ഇറയത്ത് കമിഴ്ന്നു കിടന്ന്, പരന്നൊഴുകുന്ന വെള്ളത്തിലേക്ക് ഒന്നിന് പുറകെ ഒന്നായി അവ ഇറക്കി വിടും.

കാറ്റിലും മഴയിലും ആടിയുലഞ്ഞുകൊണ്ടവ തീർക്കുന്ന ട്രാഫിക് ബ്ലോക്ക് പ്രവചനമാണ് ഏട്ടന്റെ അടുത്ത പണി!

അപ്പോഴേക്കും ചാറ്റൽ മഴ കൊള്ളുന്ന ഞങ്ങളെ വഴക്കു പറഞ്ഞുകൊണ്ടുള്ള അമ്മയുടെ വരവായി.

എത്രവേഗമാണ് ഞങ്ങൾ വളർന്നു പോയത്.!

ഇന്ന് ഞാൻ ഒരു കൗമാരക്കാരിയാണ്.

കൗമാരം!

അതെല്ലാ രൂപഭാവഭേദങ്ങളോടുകൂടി എന്നിലുരുത്തിരിയുന്നത് ഞാനറിഞ്ഞു.

എന്നിലെ കൗമാര സ്വപ്നങ്ങൾക്ക് നിറവും മണവും വാരി വിതറിക്കൊണ്ട് വന്നണഞ്ഞ, രാമഴകളെ ഞാൻ, ആദ്യമായി പ്രണയിക്കാൻ തുടങ്ങിയതപ്പോഴാണ്.

തണുപ്പിലലിഞ്ഞ്, മഴയും പ്രകൃതിയുമൊരുക്കുന്ന മാസ്മരികതയിൽ മുങ്ങിയങ്ങനെയിരിക്കുക. അതൊരനുഭവമാണ് !

ഇപ്പോഴെനിക്ക് 16 വയസ്സ്!

ഇന്ന് ഞാനെന്റെ കോളേജിലേക്കുള്ള ആദ്യത്തെ യാത്രയിലാണ്.!

അമ്മയോടൊപ്പം എസ് എൻ കോളേജിന്റെ പടി കയറുന്ന എന്നെ പിൻതുടർന്നുകൊണ്ടൊരാൾകൂടിയുണ്ടായിരുന്നു ട്ടോ!

ഒരസ്സൽ ചാറ്റൽമഴ!

ഇതുവരെയുണ്ടായിരുന്ന കെട്ടുപാടുകളിൽ നിന്നും മുക്തയായി, ഞാനങ്ങനെ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.!

എന്റെ മനസ്സു നിറയെ ആഹ്ലാദം അലതല്ലുകയായിരുന്നു.

അവിടെ കാണുന്ന എല്ലാത്തിനോടും എനിക്കന്ന് പ്രണയമായിരുന്നു.!

മനസ്സ് നിറഞ്ഞുകവിഞ്ഞു വഴിഞ്ഞൊഴുകുന്ന പ്രണയം!

പൂത്തുലഞ്ഞു നിൽക്കുന്ന വാകമര ചുവടുകളോടും, ക്ലാസ്സിനിടവേളകളിൽ ഞങ്ങളെ, പെൺകുട്ടികളെ, പരിചയപ്പെടാനെത്തുന്ന സുന്ദരൻ ചേട്ടൻ മാരോടും, പ്രണയം കഥ പറയുന്ന, നീളൻ വരാന്തകളോടും, അതിൽ ഇടയ്ക്കിടെ മിന്നിമറയുന്ന ചില മുഖങ്ങളോടും കോളേജ് മുറ്റത്ത് തണൽ പരത്തി നിന്നിരുന്ന മരങ്ങളോടും പച്ചത്തുരുത്തിനോട് പോലും ഞാനെന്റെ പ്രണയം ചൊല്ലിയിരുന്നു.

‘വേദന വേദന ലഹരി പിടിക്കും

വേദന ഞാനതിൽ മുഴുകട്ടെ

മുഴുകട്ടെ മമ ജീവനിൽനിന്നൊരു-

മുരളീ മൃദുരവമൊഴുകട്ടെ'

എന്ന് അത്യുൽക്കർഷത്തോടെ, വികാരഭരിതനായി, ഉച്ചത്തിൽ പാടി എന്നെ വിസ്മയിപ്പിച്ച സജീവൻ സാറിന്റെയും, മേഘസന്ദേശത്തിലെ നായികാവർണ്ണനയുടെ വൈകാരികതലത്തിൽ ചൂളിപ്പിടിച്ചിരുന്നുപോയ ബാലകൃഷ്ണൻ സാറിന്റെയും എല്ലാം മലയാളംക്ലാസുകൾ, ഇതെല്ലാം എങ്ങനെയാണ് മറക്കാനാവുക?

എന്റെ മണ്ടത്തരങ്ങൾപോലും തമാശകളായി മാറ്റിയിരുന്ന എന്റെ പ്രിയ കൂട്ടുകാർ!

എത്ര വേഗമാണ് അഞ്ചുവർഷം അവിടെ കൊഴിഞ്ഞു വീണത്.

തുടർന്ന് പഠനവുമായി ബന്ധപ്പെട്ടാണ് ഞാൻ എന്റെ തൃശൂർ യാത്രകൾ ആരംഭിക്കുന്നത്.

എന്റെ മഴപ്രണയം കൂടുതൽ രസകരവും ശക്തമായി തീരുന്നതപ്പോഴാണ്.

കോരിച്ചൊരിയുന്ന മഴയത്ത്, മൂടിപ്പുതച്ച ബസ്സിലുള്ള യാത്ര അതെന്നെങ്കിലും

നിങ്ങൾ ആസ്വദിച്ചിട്ടുണ്ടോ?

റോഡിൽ വൃത്തം വരയ്ക്കുന്ന മഴത്തുള്ളികളെ കീറിമുറിച്ച്, വെള്ളക്കെട്ടുകൾ തട്ടിത്തെറിപ്പിച്ചു കൊണ്ടുള്ള യാത്ര!

അതെന്നെ ശരിക്കും മഴയുടെ പ്രണയിനിയാക്കി മാറ്റി.

അങ്ങനെ തൃശ്ശൂർ, വടക്കേ സ്റ്റാൻഡിനു സമീപം സ്ഥിതി ചെയ്തിരുന്ന പി ജി സെൻററിൽ എന്റെ ബിരുദാനന്തര പഠനം ആരംഭിച്ചു. ഞാൻ ഏറെ ആസ്വദിച്ച ഒരു പഠനകാലമായിരുന്നുവത്.

പിജി സെൻറർ തീർത്ത മൺ പുരയിൽ, പുറം കാഴ്ചകളിൽ മയങ്ങിയുള്ള ആ ഇരിപ്പ് കൂടുതൽ ഹൃദ്യമായി തീരുന്നത് മഴദിനങ്ങളിലാണ്.

മുൻപിൽ കാണുന്ന, വൃക്ഷഛായകൾ ചിത്രം വരയ്ക്കുന്ന ജലാശയത്തിലേക്ക്, പെയ്തിറങ്ങുന്ന മഴയിലങ്ങനെ ലയിച്ചിരിക്കുന്ന എന്നെ മിക്കവാറും രഞ്ജിത്ത് സാറിന്റെ ഫോക്‌ലോർ ചർച്ചകളോ ലിംഗ്വിസ്റ്റിക് സിദ്ധാന്തങ്ങളോ ആയിരിക്കും വിളിച്ചുണർത്തിയിരുന്നത്..

നിങ്ങൾ എപ്പോഴെങ്കിലും സാഹിത്യ അക്കാദമിയിലെ പുസ്തകപ്പുരയിൽ പഴമയുടെ ഗന്ധം നുകർന്നിണ്ടോ?

പ്രൗഢഗംഭീരമായൊരു സാമ്രാജ്യമാണത്.

കോരിച്ചൊരിയുന്ന മഴയിൽ, ഫിലമെൻറ് ബൾബുകളുടെ വെളിച്ചത്തിൽ, പുസ്തക കെട്ടുകൾക്കിടയിൽ വായനാമധുരത്തിലമർന്നങ്ങനെയിരിക്കുക.! പറഞ്ഞറിയിക്കാനാവാത്തൊരനുഭൂതിയാണത്..

അങ്ങനെ ഒരു മഴക്കാലത്താണ് അത് സംഭവിക്കുന്നത്.!

ഏത്?

എന്റെ വിവാഹം!

അവിടെയും എന്നിലേയ്ക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ടെന്ന വണ്ണം പുറത്ത് മഴ നിർത്താതെ പെയ്തുകൊണ്ടേയിരുന്നു.

എന്റെ ജീവിതത്തിൽ പുതിയൊരു ഘട്ടം ആരംഭിക്കുകയാണ്.

എനിക്ക് മൊത്തത്തിൽ കൗതുകമായിരുന്നു.!

അതുവരെ എന്റെ ലോകത്ത് ഞാൻ മാത്രം!

എന്നെക്കുറിച്ച് മാത്രം ചിന്തിച്ച് സ്വപ്നം കണ്ട്, സങ്കൽപ്പിച്ച് നടന്നിരുന്ന എന്റെ മാത്രം ദിനങ്ങൾ ഇതാ എനിക്ക് നഷ്ടമാകുന്നു.

എനിക്ക് ഞാൻ അന്യയാകുന്നതു പോലെ തോന്നി.

പക്ഷേ ആ ജീവിതവും ഞാൻ പതിയെ പതിയെ ഉൾക്കൊള്ളുവാനും ആസ്വദിക്കുവാനും തുടങ്ങി.

എന്നാൽ അപ്പോഴും എന്തോ ഒരു നഷ്ടബോധം എന്നെ അലട്ടിയിരുന്നു.

ഇനിയൊരു തിരിച്ചുപോക്ക്, അത് ഒരിക്കലും ഉണ്ടാകില്ലെന്നറിയാം..

പിന്നെ നഷ്ടബോധം ! അതങ്ങനെ തന്നെ അവിടെ കിടക്കട്ടെ അല്ലേ?

ആയിടയ്ക്കാണ് എനിക്ക് ബി എഡിന് സീറ്റ് കിട്ടുന്നത്.

ഇടുക്കിയിൽ നെടുങ്കണ്ടത്ത്! മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെൻററിൽ.!

അങ്ങനെ ഞാൻ ഇടുക്കിയിലേക്ക് യാത്ര തിരിച്ചു!

മഴയും മഞ്ഞും പരസ്പരം പ്രണയം കൈമാറുന്ന ഹൈറേഞ്ചിലേക്കുള്ള യാത്ര അതൊരു രസം തന്നെയാണ് ട്ടോ!

ഏതു വേനൽകാലത്തും ശരീരത്തിന് എസി കൂളിംഗ് നൽകുന്ന നെടുങ്കണ്ടത്തെ കാലാവസ്ഥ അതെനിക്ക് നന്നായി പിടിച്ചുവെന്നുതന്നെ പറയാം. പക്ഷേ മഞ്ഞുകാലത്തെ അവിടത്തെ ജീവിതം ദുരിതപൂർണ്ണമാണ് ട്ടോ!

മഴയത്ത് കുടയും ചൂടി, കൂട്ടുകാർക്കൊപ്പം വിശേഷങ്ങൾ കൈമാറി, കുന്നുകൾ കയറിയിറങ്ങി ചുറ്റുപാടുകൾ ആസ്വദിച്ചു കൊണ്ടുള്ള യാത്ര. ഇന്നും എന്റെ മനസ്സിൽ ആ കാഴ്ചകൾക്കു മങ്ങലേറ്റിട്ടില്ല.

കേരളത്തിലെ മിക്കവാറും ജില്ലകളിൽനിന്നും ചേക്കേറിയ വിദ്യാർത്ഥീവൃന്ദം, ഒരുവർഷം പഠിച്ചും കളിച്ചും കളിപറഞ്ഞും വിരിയിച്ചെടുത്ത ഒരു സുന്ദരൻ പഠനകാലം!

വർഷങ്ങൾ പോയി മറഞ്ഞു കൊണ്ടേയിരുന്നു.

ഭാര്യയായും അമ്മയായും മകളായും വിവിധ വേഷങ്ങൾ ഞാൻ മാറി മാറി അണിഞ്ഞു.. അതിനിടയിൽ എന്നിലെ സ്വത്വത്തെ കണ്ടെത്താനാകാതെ ഞാനുഴറി.

കാലങ്ങൾ പോകവേ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ മഴ എനിക്ക് വിരുന്നുകാരനായി മാറി. കടന്നുവരുമ്പോൾ അല്പം ആനന്ദം പകർന്നു തരുന്ന വെറും വിരുന്നുകാരൻ.!

എന്നാൽ ആ വിരുന്നുകാരന്റെ രൂപഭാവങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു.

ആ പെരുമഴക്കാലം! അതെന്നിലെ മഴ പ്രണയത്തെ, വിരഹത്തെ, എല്ലാം മാറ്റി മറിച്ചു കളഞ്ഞു.

ആ തോരാമഴയിൽ മനുഷ്യൻ മാത്രമല്ല സകല ജീവജാലങ്ങളും ഞെട്ടിവിറച്ചു വെറുങ്ങലിച്ചു പോയി.

മനുഷ്യന്റെ സ്വാർത്ഥതയ്ക്കും അഹങ്കാരത്തിനും നേർക്ക് പ്രകൃതിയേൽപ്പിച്ച മുഖമടച്ചുള്ള ഒരടിയായിരുന്നുവത്.

രാപ്പകൽ വ്യത്യാസമില്ലാതെ ഇടമുറിയാതെ പെയ്തുകൊണ്ടിരുന്ന ആ തീവ്ര മഴയിൽ

ഞാൻ തീർത്തു നിസ്സഹായയും അബലയുമായി മാറി.

അന്ന്, ഞാൻ ആദ്യമായി മഴയെ ഭയപ്പെടുവാൻ തുടങ്ങി.

ഭയപ്പാടു കലർന്ന ആശങ്കയിൽ എന്റെ മഴ പ്രണയം കുതിർന്നൊലിച്ചലിഞ്ഞില്ലാതാകുന്നത് ഞാനറിഞ്ഞു.

തുടർന്ന് അതിജീവനത്തിന്റെ നാളുകൾ!

എന്നിരുന്നാലും പ്രതീക്ഷയുടെ നാമ്പുകൾ അത് ഞാൻ തീർത്തും കെടുത്തി കളയുന്നില്ല.!

കൂടുതൽ ശക്തിയിൽ, , ആർജ്ജവത്തോടെ പ്രണയമഴ എന്നിലേയ്ക്ക് പെയ്തിറങ്ങുമെന്നാണ് ഞാനിനിയും സ്വപ്നം കാണുന്നത്!. പ്രതീക്ഷിക്കുന്നത് !

അതിനായി ഞാൻ കാത്തു കാതോർത്തിരിക്കുന്നു !

എന്റെ സ്വപ്നങ്ങൾക്ക് ചിറകേകാൻ!

സങ്കൽപങ്ങളിൽ വർണ്ണം പകരാൻ!

സ്നേഹ സാന്ദ്വനമായി, ഉൾക്കരുത്തായി എന്നിലേക്ക് നീ ചേർന്നു നിന്നാലും!

എന്നിലെപൂർണ്ണത, അത് നിന്നിലാണെന്ന് ഞാൻ തിരിച്ചറിയുന്നു..

കല .

Related Posts