പിതൃ സ്മരണകളുമായി വീണ്ടും ഒരു കർക്കിടകവാവ്.

കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കിടക വാവായി ആഘോഷിക്കുന്നത്. പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്ന ദിവസം. മരിച്ചു പോയ പിതൃക്കൾക്കായി അനന്തര തലമുറ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക.

മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ് ബലി ഇടുന്നത്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും , ദക്ഷിണായനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വെക്കുക. ഗ്രഹണ സമയത്ത് പോലെ അല്ലെങ്കിലും, ഭൂമിയും ചന്ദ്രനും സൂര്യനും ഏതാണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണ് വാവ്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണ് കറുത്ത വാവ്.

എല്ലാ മാസത്തിലെയും കറുത്ത വാവ് ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്ക്‌ കൂടുതൽ പ്രാധാന്യമുണ്ട്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. കര്‍ക്കിടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഈ ഒരു ദിവസമാണ് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി കൂടുതൽ പ്രാധാന്യമുള്ളതായി കരുതുന്നത്.

പിതൃക്കളുമായി രക്തബന്ധമുള്ള ആർക്കും കർക്കടക വാവ്ബലി അർപ്പിക്കാം. എന്നാൽ അച്ഛനോ, അമ്മയോ, രണ്ട് പേരുമോ മരിച്ചു പോയവർ ആണ് സാധാരണ ബലികർമം അനുഷ്ഠിക്കുക. പിതൃക്കൾക്ക് ആചാരപൂർവം ഭക്ഷണവും പൂജയും അർപ്പിക്കുക എന്നതാണ് ബലിയുടെ അർഥം. പിതൃക്കൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ആദരപൂർവം സമർപ്പിക്കുക. അതിനായി മനസ്സും ശരീരവും കർമവും വ്രതത്തിലൂടെ ശുദ്ധീകരിക്കണം. ഇതിന് 'ഒരിക്കൽ' വ്രതം എന്ന് പറയും. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ ഈ സമയത്ത് കഴിക്കരുത്. 48 മണിക്കൂർ വ്രതം വേണം എന്നാണ് ആചാരം.

വാവിന്‍റെ തലേ രാവിലെ മുതലാണ് വ്രതം എടുക്കുന്നത്. വീട്ടില്‍ നിന്നും മത്സ്യ-മാംസങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. പിതൃക്കൾക്ക് ബലിയിടുന്നവർ വ്രതം തെറ്റിച്ചാല്‍ പിതൃക്കള്‍ ബലി എടുക്കില്ല എന്നാണ് പറയപ്പെടുന്നത്. ഇവരുടെ ആത്മാവിന് ശാന്തി കിട്ടില്ലെന്നും പ്രായമായവര്‍ പറയാറുണ്ട്.

ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പുകയാണ് അടുത്ത ചടങ്ങ്. വിളക്ക് കത്തിച്ച് വെച്ച് ഉണ്ടാക്കിയ ഭക്ഷണം ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.

ബലികർമ്മം എവിടെയൊക്കെ ഇടാം എന്ന ചോദ്യത്തിന് പഴമക്കാർ നൽകിയിരുന്ന മറുപടി ഇല്ലം, വല്ലം, നെല്ലി എന്നായിരുന്നു. ഇല്ലം എന്നാൽ സ്വന്തം വീട്, വല്ലം എന്നാൽ തിരുവല്ലം, നെല്ലി എന്നാൽ തിരുനെല്ലി (വയനാട് ജില്ലയിലെ തിരുനെല്ലി).

കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ ജനങ്ങൾ ഈ നാളുകളിൽ കൂട്ടമായി ചെന്നാണ് തർപ്പണം ചെയ്യുന്നത്. എന്നാൽ പകർച്ചവ്യാധിയുടെ കാലമായതിനാൽ ബലിതർപ്പണത്തിന് പരിമിതികൾ ഏറെയാണ്. കോറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ കർക്കടക വാവു ദിനത്തിൽ ക്ഷേത്രങ്ങളിലും പുണ്യ തീർത്ഥ കേന്ദ്രങ്ങളിലും ബലിതർപ്പണം സാധ്യമല്ലാതെ വന്നിരിക്കുകയാണ്. അതുകൊണ്ട് സ്വന്തം വീട്ടുമുറ്റത്ത് തന്നെ ബലികർമ്മം നടത്തുക.

Related Posts