ബെംഗളൂരുവിലെത്തി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് വി ഡി സതീശൻ
ബെംഗളൂരു: ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. സതീശൻ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. "പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ ബെംഗളൂരുവിൽ സന്ദർശിച്ചു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് അദ്ദേഹം. പൂർണ ആരോഗ്യവാനായെത്തുന്ന ഉമ്മൻ ചാണ്ടി എത്രയും വേഗം കർമ മണ്ഡലത്തിൽ സജീവമാകും" അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, മുൻ മന്ത്രി കെ.സി ജോസഫ്, ബെന്നി ബെഹനാൻ എം.പി എന്നിവർ നേരത്തെ ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു. അദ്ദേഹം അടുത്തിടെ, ജർമ്മനിയിലെ ബെർലിൻ ചാരിറ്റി ഹോസ്പിറ്റലിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.