വിദ്യാർത്ഥികൾക്കായി ‘സ്‌കൂള്‍ ആരോഗ്യ പരിപാടി’ ആവിഷ്‌കരിക്കും: വീണാ ജോർജ്
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആരോഗ്യപരവുമായ വികസനത്തിനായി സ്കൂൾ ആരോഗ്യ പരിപാടി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സ്കൂൾ പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. ശാരീരികവും മാനസികവുമായ വികാസം ഉറപ്പാക്കുന്നതിനൊപ്പം പഠന പരിമിതികളും കാഴ്ച പരിമിതികളും നേരത്തെ കണ്ടെത്തി ഇടപെടൽ നടത്തും. ജനപങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ആരോഗ്യ പദ്ധതിയുടെ പ്രാഥമികതല യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കും. വിദ്യാഭ്യാസ കാലയളവിൽ തന്നെ വെല്ലുവിളികളെ അതിജീവിച്ച് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 6 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് സ്കൂൾ ആരോഗ്യ പദ്ധതി നടപ്പാക്കുക. ഇവർക്ക് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസം നൽകും. കുട്ടികളിലെ വിളർച്ച, പോഷകാഹാരക്കുറവ് തുടങ്ങിയ 30 സാധാരണ അവസ്ഥകൾ തിരിച്ചറിയുക, സൗജന്യ ചികിത്സ ഉറപ്പാക്കുക, ശുചിത്വം പ്രോത്സാഹിപ്പിക്കുക, ആർത്തവ സമയത്തെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സ്കൂളുകളും പ്രദേശത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളും തമ്മിൽ തുടർച്ചയായ പ്രവർത്തന ബന്ധം ഉണ്ടാകും. ഹെൽത്ത് പ്രൊമോഷൻ, ഹെൽത്ത് സ്ക്രീനിംഗ്, അയണ്‍, വിര ഗുളികകൾ നൽകൽ, വാക്സിനേഷൻ പ്രോത്സാഹിപ്പിക്കൽ എന്നിവയും ഇവരുടെ മേൽനോട്ടത്തിൽ നടക്കും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രാഥമിക ചികിത്സയിൽ പരിശീലനം നൽകും.