അഭിനന്ദൻ വർദ്ധമാന് വീരചക്ര സമ്മാനിച്ചു
യുദ്ധകാല സേവനങ്ങൾക്ക് ഇന്ത്യൻ സൈനികർക്ക് നൽകുന്ന മൂന്നാമത്തെ പരമോന്നത ബഹുമതിയായ വീരചക്ര അഭിനന്ദൻ വർദ്ധമാന് സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് രാംനാഥ് കോവിന്ദാണ് അഭിനന്ദനെ കീർത്തിമുദ്ര അണിയിച്ചത്.
നിലവിൽ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് അഭിനന്ദൻ വർദ്ധമാൻ. കരസേനയിൽ കേണലിന് തുല്യമായ പദവിയാണ് വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ. നേരത്തേ, വിംഗ് കമാൻഡറും മിഗ് 21 ബൈസൺ പൈലറ്റുമായിരുന്നു അദ്ദേഹം. 2019-ലെ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിലെ വീരനായകനാണ് അഭിനന്ദൻ. അതിർത്തി കടന്നെത്തിയ എഫ് 16 പോർവിമാനങ്ങളെ തുരത്തുന്നതിനിടയിൽ തകർന്നുവീണ
വിമാനത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അഭിനന്ദൻ, പാക് സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്നു. മൂന്ന് ദിവസം പാകിസ്താൻ സേനയുടെ യുദ്ധ തടവുകാരനായിരുന്നു. ആഗോള തലത്തിൽ വിപുലമായ മാധ്യമ ശ്രദ്ധയാണ് ആ സമയത്ത് അദ്ദേഹത്തിന് ലഭിച്ചത്.
38 വയസ്സുള്ള അഭിനന്ദൻ തമിഴ്നാട്ടിലെ തിരുവണ്ണാമലൈ സ്വദേശിയാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. പിതാവ് സിംഹക്കുട്ടി വർദ്ധമാൻ എയർ മാർഷൽ ആയിരുന്നു. 1999-ലെ കാർഗിൽ സംഘർഷ സമയത്ത് രാജ്യത്തിനായി വലിയ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം. അമ്മ ശോഭ ഡോക്ടറാണ്. തമിഴ്നാട്ടിലെ അമരാവതിനഗർ സൈനിക് സ്കൂളിലാണ് അഭിനന്ദൻ പഠിച്ചത്. പരമവീരചക്രയ്ക്കും മഹാവീരചക്രയ്ക്കും ശേഷമുള്ള മൂന്നാമത്തെ പരമോന്നത ബഹുമതിയാണ് വീരചക്ര.