ക്ഷേത്രാങ്കണം പച്ചക്കറി കൃഷിയിലൂടെ നൂറുമേനി കൊയ്ത് ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം മേൽശാന്തിയും കുടുംബവും
വാടാനപ്പള്ളി: നാട് നേരിടുന്ന കൊവിഡ് മഹാമാരിക്കു മുൻപിലും പതറാതെ ഭക്ഷ്യ സുരക്ഷയുടെ ഉറപ്പിന് തങ്ങളാൽ കഴിയുന്ന പച്ചക്കറികൾ ഉൽപ്പാദിപ്പിച്ച് ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം ട്രസ്റ്റിയും മേൽശാന്തിയുമായ സജീവ് എമ്പ്രാന്തിരിയും കുടുംബവും. ക്ഷേത്രാങ്കണം പച്ചക്കറി കൃഷിയിലൂടെ സമൃദ്ധമാക്കിയ ഇവർക്ക് ലഭിച്ചത് നൂറുമേനി വിളവ്. കൊവിഡ് കാല നിയന്ത്രണങ്ങൾക്കിടയിലും ഭക്തർക്ക് അന്നദാനത്തിനുള്ള പച്ചക്കറികൾ ഇവർ ക്ഷേത്രാങ്കണത്തിൽ വിളയിച്ചു. ക്ഷേത്രത്തിനോട് ചേർന്നുള്ള 30 സെന്റ് സ്ഥലത്താണ് മേൽശാന്തി സജീവ് എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിത്തോട്ടം ഒരുക്കി നുറു മേനി വിളവ് നേടിയത്.
20 വർഷം മുമ്പ് ക്ഷേത്രം ശാന്തിയായി എത്തിയ സജീവ് എമ്പ്രാന്തിരി വെസ്റ്റ് ചാലക്കുടി സ്വദേശിയും മടപ്പറമ്പ് മഠം കുടുംബാംഗവുമാണ്. 12 വർഷമായി ക്ഷേത്രം മേൽശാന്തിയും ട്രസ്റ്റിയുമായി പ്രവർത്തിക്കുന്നു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ ആരാധനാലയങ്ങളിലേക്കും വ്യാപിച്ചതോടെയാണ് ഒഴിവ് സമയം അന്നദാനത്തിനുള്ള പച്ചക്കറി കൃഷിയെന്ന ആശയത്തിലേക്ക് മേൽശാന്തി സജീവ് എമ്പ്രാന്തിരിക്ക് പ്രചോദനമായത്. നിയമാനുസൃതമായ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ക്ഷേത്ര മുറ്റത്ത് അന്നദാനത്തിനുള്ള ജൈവ പച്ചക്കറികൾ വിളയിച്ചെടുക്കുന്നതിൽ സമ്പുർണ വിജയം കൈവരിച്ചതായി മേൽശാന്തി പറഞ്ഞു. ക്ഷേത്രത്തിനോട് ചേർന്ന് വടക്കുഭാഗത്തുള്ള മുപ്പത് സെന്റ് സ്ഥലത്ത് വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്തത്. കൃഷി ഓഫിസർ വി എസ് പ്രദീഷ് ക്ഷേത്ര മുറ്റത്തെ ജൈവ പച്ചക്കറി കൃഷിക്ക് പൂർണ സഹകരണം നൽകി. മുപ്പത് സെന്റ് ഭൂമിയിൽ 340 ഗ്രോബാഗുകളിലായി മത്തൻ, കുമ്പളം, പടവലം, കയ്പക്ക, കക്കരി, കൊത്തമര, വെണ്ട, തക്കാളി, വഴുതന, പയർ, വെള്ളരി, പച്ചമുളക് തുടങ്ങിയ പത്തിനം പച്ചക്കറികളാണ് കൃഷി ചെയ്തത്.
ഹൈടെക് കൃഷി രീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കുന്നംകുളം സ്വദേശി അച്യുതൻ പാലിയത്തിന്റെ നേതൃത്വത്തിലാണ് ഹൈടെക് ഡ്രിപ്പ് ഇറിഗേഷൻ കൃഷിക്കായി ഒരുക്കിയത്. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, സ്യുഡോമോണാസ്, ചകിരിച്ചോറ് എന്നിവ ചേർന്ന മിശ്രിതമുള്ള ഗ്രോബാഗിലാണ് കൃഷി.
കൊവിഡ് കാല നിയന്ത്രണങ്ങൾ ശക്തമായിരിക്കെ അന്നദാനത്തിനുള്ള തങ്ങളുടെ പങ്ക് കണ്ടെത്തുകയാണ് മേൽശാന്തിയും കുടുംബവും. 45,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്. മേൽശാന്തി സജീവ് എമ്പ്രാന്തിരിക്കൊപ്പം ഭാര്യ രാധിക, മക്കളായ ആദിത്യൻ, ആദർശ് എന്നിവരും ക്ഷേത്രമുറ്റത്ത് അന്നദാനത്തിനുള്ള ജൈവ പച്ചക്കറി കൃഷി തോട്ടത്തിന്റെ പരിപാലകരായിരുന്നു. കൊവിഡ് കാലമായതോടെ നിരവധി ദേവാലയ മുറ്റങ്ങളാണ് കാടുപിടിച്ചു കിടക്കുന്നത്. അവിടെയെല്ലാം ഇത്തരത്തിൽ കൃഷി ചെയ്യാൻ ആരംഭിച്ചാൽ തീർച്ചയായും ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ജൈവ പച്ചക്കറിയിൽ സ്വയം പര്യാപ്ത നേടാൻ നമുക്ക് കഴിയുമെന്ന് മേൽശാന്തി സജീവ് എമ്പ്രാന്തിരി പറഞ്ഞു.