വാങ്ങാൻ ആളില്ലാത്തതിനാൽ ചേലക്കരയിൽ കർഷകർ രണ്ടര ടൺ പച്ചക്കറികൾ ഉപേക്ഷിച്ചു.
ചേലക്കരയിൽ കർഷകർക്ക് വൻ നഷ്ടം.
ചേലക്കര:
ചേലക്കര കളപ്പാറ കർഷക കൂട്ടായ്മയിൽ ശേഖരിച്ച രണ്ടര ടണ്ണോളം പച്ചക്കറികൾ ലോക് ഡൗൺ മൂലം വാങ്ങാൻ ആളില്ലാതെ ഉപേക്ഷിച്ചു. കൂടുതലും പാവക്കയും പടവലവും ആണ് കേടായതിനെ തുടർന്ന് സമീപത്തെ റബ്ബർ എസ്റ്റേറ്റിൽ ഉപേക്ഷിക്കേണ്ടി വന്നത്. കർഷകരിൽ നിന്ന് നിത്യേന ഇരുപത് ടണ്ണോളം പച്ചക്കറികളാണ് കളപ്പാറ വി എം സി കെയിൽ ശേഖരിക്കപ്പെടുന്നത്. മറ്റു ജില്ലകളിൽ നിന്നെത്തുന്ന വ്യാപാരികളാണ് ഇവിടെ നിന്നും പച്ചക്കറികൾ കൊണ്ട് പോയിരുന്നത്.
എന്നാൽ ലോക്ഡൗൺ വന്നതോടെ മറ്റുജില്ലകളിൽ നിന്നുള്ള വ്യാപാരികളുടെ വരവ് നിലച്ചു. ആറോ ഏഴോ ടൺ പച്ചക്കറികൾ മാത്രമാണ് ഇപ്പോൾ ചിലവാകുന്നത്. കിറ്റുകളിൽ നിറച്ച് വിൽപന നടത്തിയും സമൂഹ അടുക്കളകളിലേക്ക് വിതരണം ചെയ്തുമാണ് വിറ്റഴിക്കുന്നത്. ജില്ലയിലെ പ്രധാന പച്ചക്കറി മേഖലയായ ചേലക്കര, പങ്കാരപ്പിള്ളി, കളപ്പാറ, എളനാട്, വെണ്ടൂർ തുടങ്ങിയ പ്രദേശങ്ങളിലെ നൂറു കണക്കിന് കർഷകരുടെ അധ്വാനമാണ് ലോക് ഡൗണിൽ കുരുങ്ങി പാഴായത്. കടം വാങ്ങിയും ലോണെടുത്തും കൃഷി ചെയ്ത കർഷകരിൽ പലരും വളരെ അധികം ആശങ്കയിലാണ്.