പഞ്ചായത്ത് കെട്ടിട ഭൂമിയിൽ ഇനി പച്ചക്കറി വിളയും
നെന്മണിക്കര ഗ്രാമപഞ്ചായത്ത് കെട്ടിട സമുച്ചയമായ തണൽ കോംപ്ലക്സിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. പഞ്ചായത്ത് കെട്ടിടത്തിന്റെ ചുറ്റുമതിലിനുള്ളിൽ 300 ഗ്രോ ബാഗുകളിലാണ് വിവിധ ഇനം പച്ചക്കറികളുടെ നടീൽ നടത്തിയത്. കെട്ടിടത്തിനോട് ചേർന്നുള്ള അങ്കണവാടിയുടെ സ്ഥലവും പാർക്കിംഗ് ഏരിയയും ഒഴിവാക്കിയുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത്. പദ്ധതിക്കായി 10,000 രൂപയാണ് ഗ്രാമപഞ്ചായത്ത് വിനിയോഗിച്ചിരിക്കുന്നത്. രണ്ടു തരം വെണ്ട, പയർ, മുളക്, കാബേജ്, ചീര തുടങ്ങി പന്ത്രണ്ടോളം പച്ചക്കറികളാണ് വിളവെടുക്കുക. അങ്കണവാടി ജീവനക്കാരും ആർ ആർ ടി അംഗങ്ങളും ജനപ്രതിനിധികളും ചേർന്നാണ് കൃഷിയുടെ പരിപാലനം.
വിളകൾ സൗജന്യമായി അങ്കണവാടികളിലേക്കും സ്കൂളുകളിലേക്കും നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു പറഞ്ഞു. മുൻ എംഎൽഎ പ്രൊഫ.സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി 30 ലക്ഷം രൂപ ചെലവഴിച്ച് 28 സെന്റ് ഭൂമിയിൽ നിർമ്മിച്ചതാണ് തണൽ കോംപ്ലക്സ്. ഇതിനോടനുബന്ധിച്ച് തന്നെയാണ് അങ്കണവാടി കെട്ടിടവും പ്രവർത്തിക്കുന്നത്. പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം മുൻ യുവജന ബോർഡ് എക്സ്പെർട്ട് കമ്മിറ്റി അംഗം കെ പി പോൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി എസ് പ്രിൻസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു, വൈസ് പ്രസിഡന്റ് വി ടി വിജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല മനോഹരൻ, ബി ഡി ഒ അജയഘോഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.