സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കാൻ വെള്ളാങ്ങല്ലൂർ പഞ്ചായത്ത്

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കാനുള്ള സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി പഞ്ചായത്ത്. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 20.44 കോടി രൂപയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. നിലവിലുള്ള ജലനിധി പദ്ധതിയുടെ വിപുലീകരണം നടത്തി പുതുതായി 2885 കുടിവെള്ള കുടുംബങ്ങൾക്ക് കൂടി കണക്ഷൻ നൽകാൻ പദ്ധതി വഴി സാധിക്കും.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബാബു അധ്യക്ഷത വഹിച്ചു. കെ ആർ ഡബ്ല്യൂ എസ് എ മലപ്പുറം മേഖലാ പ്രൊജക്ട് ഡയറക്ടർ എം പി ഷഹീർ, ടെക്‌നിക്കൽ മാനേജർ എം എസ് സജിത്ത്, വാർഡ് മെമ്പർമാർ, ജലനിധി എസ് എൽ ഇ സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.