വര്‍ണ്ണക്കൂടാരം ഒരുക്കി വെള്ളാങ്കല്ലൂര്‍ ബിആര്‍സി

വെള്ളാങ്കല്ലൂര്‍ കാരുമാത്ര ഗവ. യുപി സ്‌കൂളില്‍ വര്‍ണ്ണക്കൂടാരം ഒരുങ്ങി. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന കാരുമാത്ര ഗവ. യുപി സ്‌കൂളിന് ഇതൊരു വലിയ നേട്ടമാണ്. വെള്ളാങ്കല്ലൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് വര്‍ണ്ണക്കൂടാരം ഒരുക്കിയത്. പ്രീ പ്രൈമറി കുട്ടികള്‍ക്ക് കളിച്ചും രസിച്ചും ചിരിച്ചും പരീക്ഷണം നടത്തിയും വരച്ചും നിര്‍മ്മിച്ചും പഠിക്കാന്‍ അവസരം ഒരുക്കുകയാണ് സമഗ്ര ശിക്ഷാ കേരളം വര്‍ണ്ണക്കൂടാരം പദ്ധതിയിലൂടെ.

കളിപ്പാട്ടം, പാഠപുസ്തകത്തിലെ മുപ്പതോളം തീമുകളായ കളിയിടം, വരയിടം, സംഗീത ഇടം, ശാസ്ത്ര ഇടം, ഗണിത ഇടം എന്നിങ്ങനെ 13 ഇടങ്ങളാണ് 'ചക്കരപ്പന്തല്‍' എന്ന പേരില്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്. പല വര്‍ണങ്ങളിലുള്ള മനോഹരങ്ങളായ ഇരിപ്പിടങ്ങളാണ് ക്ലാസ്സ് മുറികളില്‍. ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കുഞ്ഞുങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷ കേരളം വര്‍ണ്ണക്കൂടാരം എന്ന പരിപാടി നടപ്പാക്കുന്നത്. ഓരോ ഇടങ്ങളും കുട്ടിയുടെ ഭാവനയും ചിന്തയും ഉണര്‍ത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അനുഭവിച്ചും അസ്വദിച്ചും സ്വയം പഠനാനുഭവം ഒരുക്കുവാനുള്ള സാധ്യതയാണ് ഇതിലൂടെ പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നത്.

ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ മുഖ്യാതിഥിയായി. എസ്എസ്‌കെ ഡിപിസി ഡോ. എന്‍ ജെ ബിജോയ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന അനില്‍കുമാര്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജന ബാബു, വികസനകാര്യ ചെയര്‍മാന്‍ ജിയോ ഡേവിസ്, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ സിന്ധു ബാബു, സ്‌കൂള്‍ പ്രധാന അധ്യാപിക പി സുമ, വെള്ളാങ്കല്ലൂര്‍ ബിആര്‍സി ബിപിസി ഗോഡ്വിന്‍ റോഡ്രിഗ്‌സ്, വാര്‍ഡ് മെമ്പര്‍മാര്‍, പിടിഎ പ്രസിഡന്റ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Posts