ഈ തമ്മിൽ തല്ലിൽ കക്ഷി ചേരാനുണ്ടോ?; 'വെളളരിക്കാ പട്ടണം' കാസ്റ്റിങ്ങ് കോളുമായി മഞ്ജുവാര്യർ
മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാ പട്ടണം എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. കാസ്റ്റിങ്ങ് കോൾ പോസ്റ്റർ മഞ്ജുവാര്യർ ഇൻസ്റ്റഗ്രാമിലൂടെ പ്രകാശനം ചെയ്തു. മഞ്ജുവാര്യരും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിലേക്ക് വിവിധ പ്രായക്കാരായ സ്ത്രീ പുരുഷന്മാരെയാണ് തേടുന്നത്.
മഞ്ജുവും സൗബിനും വാളും പരിചയുമായി കളരിപ്പയറ്റ് വേഷത്തിൽ നില്ക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ കൗതുകമുണർത്തിയിരുന്നു. ഫുൾ ഓൺ സ്റ്റുഡിയോസിൻ്റെ ബാനറിലുള്ള സിനിമയുടെ ചിത്രീകരണം ഈ വർഷം ജനുവരിയിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടുപോയത്. മഞ്ജുവും സൗബിനും ഒന്നിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളരിക്കാ പട്ടണം. ഏഴ് വർഷത്തിനു ശേഷം മലയാളത്തിൽ മടങ്ങിയെത്തിയ സന്തോഷ് ശിവൻ്റെ 'ജാക്ക് ആൻ്റ് ജിൽ' എന്ന ചിത്രത്തിലും ഇരുവരും വേഷമിട്ടിരുന്നു. മഞ്ജുവിനും സൗബിനുമൊപ്പം കാളിദാസ് ജയറാമും മുഖ്യ വേഷത്തിലെത്തുന്ന ജാക്ക് ആൻ്റ് ജിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.
18 നും 26 നും ഇടയിൽ പ്രായമുള്ള ഒന്നാം കക്ഷി(സ്ത്രീ), 22 നും 26 നും ഇടയിൽ പ്രായമുള്ള രണ്ടാം കക്ഷി(പുരുഷൻ), 28 നും 35 നും മധ്യേ പ്രായമുള്ള മൂന്നാം കക്ഷി (സ്ത്രീ), 30 നും 50 നും മധ്യേ പ്രായമുള്ള കക്ഷികൾ (സ്ത്രീ പുരുഷന്മാർ) എന്നിവരെയാണ് കാസ്റ്റിങ്ങ് കോൾ വഴി തേടുന്നത്.
മഹേഷ് വെട്ടിയാറും ശരത് കൃഷ്ണയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയേഷ് നായരാണ് ഛായാഗ്രഹണം. സച്ചിൻ ശങ്കർ മന്നത്താണ് സംഗീതം. അപ്പു എൻ ഭട്ടതിരി, അർജു ബെൻ എന്നിവരാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്.