വെണ്ണൂർതുറ നവീകരണത്തിന് 12 കോടി; കലക്ടർ സ്ഥലം സന്ദർശിച്ചു.

മാള:

ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന ജലരക്ഷാ ജീവരക്ഷ പദ്ധതിയിലെ ഏറ്റവും വലിയ തണ്ണീർത്തട പദ്ധതിയായ  വെണ്ണൂർതുറ നവീകരണത്തിന്റെ ഭാഗമായി സ്ഥിതി വിവരങ്ങൾ നേരിൽ കണ്ട് മനസിലാക്കുന്നതിന് ജില്ല കലക്ടർ എസ് ഷാനവാസ് സ്ഥലം സന്ദർശിച്ചു.12 കോടി ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ പ്രാഥമിക നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് സന്ദർശനം.

ജലാശയങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ജില്ലയുടെ അഭിമാന പദ്ധതിയാണ് വെണ്ണൂർ തുറ നവീകരണമെന്ന് കലക്ടർ പറഞ്ഞു. മഴക്കാലം കഴിയുന്ന മുറയ്ക്ക് തുറയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കും. ബ്രഹത്തായ ഈ പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് നബാർഡ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെണ്ണൂർ തുറ നവീകരണവുമായി ബന്ധപ്പെട്ട് നടപ്പിൽ കൊണ്ട് വരേണ്ട പദ്ധതികളുടെ സമഗ്രമായ റിപ്പോർട്ട്‌ ജില്ലാ പഞ്ചായത്ത്‌ തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയിൽ യോഗത്തിലാണ് തീരുമാനം.  പ്രളയം, കുടിവെള്ളം, വില്ലേജ് ടൂറിസം, ഫിഷറീസ് എന്നി പ്രധാന ആശയങ്ങൾ മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് വിവിധ വകുപ്പുകളുടെ സഹായത്തോടെ യാഥാർഥ്യമാകാൻ പോകുന്നത്. പദ്ധതിയുടെ ശരിയായ നടത്തിപ്പിന് കൃഷി, ജലസേചനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളോട് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം നൽകി. അന്നമനട, മാള, കുഴൂർ, കൊരട്ടി കാടുകുറ്റി എന്നി അഞ്ചു പഞ്ചായത്തുകളിലൂടെയാണ് വെണ്ണൂർ തുറ കടന്ന് പോകുന്നത്.

വെണ്ണൂർ തുറയുടെ ഭാഗമായി വരുന്ന 3.25 ഹെക്ടർ പ്രാദേശത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത്‌ 50 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ലാൻ്റ്, സോയൽ സർവേകൾ നടത്തും. ചാലക്കുടി തഹസിദാറിന്റെ നേതൃത്വത്തിലാണ് സർവ്വേ പുരോഗമിക്കുക. കൃഷിയും നവീകരണത്തിന്റെ ഭാഗമായി വരുന്ന നിർമാണ പ്രവർത്തനങ്ങളും തുറയുടെ ഭാഗമായി വരുന്ന മുറയ്ക്ക് ഇവയുടെ ശരിയായ നടത്തിപ്പിനും മറ്റുമായി മണ്ണ് പരിശോധന നടത്തും. വെണ്ണൂർ തുറയുടെ ഭാഗമായി വരുന്ന അണ്ണാറ പാലത്തിന്റെ നിർമാണവും കണക്കിലെടുത്താണ് മണ്ണ് പരിശോധന നടത്തുക. വെണ്ണൂർ തുറയിൽനിന്നും ഐനിത്തുറയിലേക്കും മറ്റ് ഭാഗങ്ങളിൽ വരുന്ന തുറകളേയും ബന്ധിപ്പിക്കുന്ന തോടുകളിലെ വീതിക്കുറവിന് പരിഹാരം കണ്ടെത്തും. തുറയോട് ചേർന്ന് വരുന്ന പാടശേഖരങ്ങളിൽ ആദ്യ തവണ കൃഷിയൊരുക്കുന്നതിന് നിലമൊരുക്കും. കർഷകർക്ക് വേണ്ട പമ്പ്, മോട്ടർ എന്നി സഹായങ്ങൾ കൃഷിവകുപ്പ് നൽകും.

തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും ഉറപ്പാക്കികൊണ്ടുള്ള പദ്ധതികളാണ് ആവിഷ്ക്കരിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം, നബാർഡ്, തൊഴിലുറപ്പ്, കൃഷി, ജല സേചനം തുടങ്ങി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ഇതിനാവശ്യമായ ധന സമാഹരണം നടത്തുക.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി കെ ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ണ്ട് സന്ധ്യ നൈസൺ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് വേണു കണ്ഠരുമഠത്തിൽ, അന്നമ്മന പഞ്ചായത്ത്‌ പ്രസിഡണ്ട് പി വി വിനോദ്, കാടുകുറ്റി പഞ്ചായത്ത്‌ പ്രസിഡണ്ട് ലീന ഡേവിസ്, ജില്ലാ പ്ലാനിങ് ഓഫീസർ കെ ശ്രീലത, നബാർഡ്, മണ്ണ് പര്യവേഷണം, സർവ്വേ എന്നി വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts