വെണ്ണൂർതുറ നവീകരണം; സർവ്വെ നടപടികൾ ആരംഭിക്കുന്നു
തൃശ്ശൂർ: ജില്ലാ പഞ്ചായത്ത് ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ കീഴിൽ വരുന്ന ഏറ്റവും വലിയ തണ്ണീർത്തട പദ്ധതിയായ വെണ്ണൂർ തുറ നവീകരണത്തിന്റെ ഭാഗമായുള്ള സർവ്വെ നടപടികൾ ആരംഭിക്കുന്നു. ഇതിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്ററും സംഘവും സഥലം സന്ദർശിച്ചു. തുടർന്ന് ചേർന്ന അവലോകന യോഗത്തിലാണ് സർവ്വെ നടപടികൾ ആരംഭിക്കാനുള്ള തീരുമാനമായത്.
നവംബർ 9 ന് അന്നമനട, കാടുകുറ്റി പഞ്ചായത്തുകളിൽ സർവ്വെ ആരംഭിക്കും. 30 നകം പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കും. പദ്ധതിയുടെ ഭാഗമായി വരുന്ന ആറ് പാലങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് കെ ഇ ആർ ഐ യുടെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തും. റോഡിൽ നിന്നും നിലവിൽ പാലങ്ങളുടെ ഉയരം സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ വ്യക്തത വരുത്തുന്നതിനും പ്രളയം, വെള്ളത്തിന്റെ ഒഴുക്ക്, ശുദ്ധ ജല ലഭ്യത എന്നിവ സംബന്ധിച്ച് പഠനം നടത്തുന്നതിനുമാണ് മണ്ണ് പരിശോധന നടത്തുന്നത്.
അന്നമനട, കാടുകുറ്റി, കുഴൂർ, മാള എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന സർവ്വെയുടെ ഭാഗമായി ഓരോ പ്രദേശത്തും അതത് വാർഡ് മെമ്പർമാർ അധ്യക്ഷന്മാരായ വാർഡ് തല സമിതികൾ രൂപീകരിക്കും. പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് വാർഡ് തല സമിതിയുടെ മോണിറ്ററിംഗ് ചുമതല ഉണ്ടായിരിക്കും. കൃഷി ഓഫീസർ, പാടശേഖര സമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്നതാണ് വാർഡ് തല സമിതി. എല്ലാ ആഴ്ചയും ശനി, ഞായർ ദിവസങ്ങളിൽ വാർഡ് തല സമിതി യോഗങ്ങൾ ചേരും. ആഴ്ച തോറും ചെയ്ത പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിക്കണം.
ജില്ലയിലെ മാതൃകാ പദ്ധതിയായ വെണ്ണൂർതുറ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. എല്ലാ വകുപ്പുകളുടെയും ഒരുപോലെയുള്ള സഹകരണം ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
25 കോടി ചെലവഴിച്ചാണ് നബാർഡിന്റെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ വെണ്ണൂർതുറ നവീകരിക്കുന്നത്. ഇതിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 2590 ഹെക്ടർ സ്ഥലമാണ് തുറയുടെ ഭാഗമായി വരുന്നത്. ടൂറിസത്തിനും പ്രാധാന്യം നൽകികൊണ്ടുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. കൂടാതെ കൃഷി, ഫിഷറീസ്, ജലസേചനം, കുടിവെള്ളം എന്നിവയും ഇതിന്റെ ഭാഗമായി വരുന്നു.
അന്നമനട പഞ്ചായത്ത് പ്രസിഡണ്ട് പി വി വിനോദ്, വൈസ് പ്രസിഡണ്ട് ടെസി ടൈറ്റസ്, കുഴൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജൻ കൊടിയൻ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേണു കണ്ടരുമഠത്തിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലീല സുബ്രഹ്മണ്യൻ, ശോഭന ഗോകുൽനാഥ്, ജില്ലാ പ്ലാനിങ് ഓഫീസർ കെ ശ്രീലത, വിവിധ വില്ലേജ് ഓഫീസർമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.