അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിധി ഇന്ന്. അരി മോഷ്ടിച്ചുവെന്നാരോപിച്ച് 2018 ഫെബ്രുവരി 22ന് മുക്കാലിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് കോടതി ഇന്ന് വിധി പറയും. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വാദം പൂർത്തിയായത്. വിചാരണ ആരംഭിച്ചത് മുതൽ പ്രോസിക്യൂഷൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു സാക്ഷികളുടെ കൂറുമാറ്റം. സാക്ഷി സംരക്ഷണ നിയമം നടപ്പാക്കിയതോടെയാണ് കൂറുമാറ്റം ഒരു പരിധിവരെ തടയാൻ പ്രോസിക്യൂഷന് കഴിഞ്ഞത്. മുക്കാലി, ആനമൂളി, കള്ളമല സ്വദേശികളായ 16 പേരാണ് കേസിലെ പ്രതികൾ. 129 സാക്ഷികളിൽ 100 പേരെ കോടതി വിസ്തരിച്ചു. ഇതിൽ 24 പേർ കൂറുമാറി. 77 പേരാണ് അനുകൂലമായി മൊഴി നൽകിയത്. 10 മുതൽ 17 വരെ സാക്ഷികൾ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. അഡ്വ.രാജേഷ് എം.മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. ആസൂത്രിതമായ കൂറുമാറ്റം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് 12 പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു. പ്രതികളിലൊരാളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സ്റ്റേ ചെയ്തത്. 2022 ഒക്ടോബർ 20നാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.