വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സൂപ്പര്‍ ഡീലക്സ് ബസ്: മന്ത്രി ഡോ. ആര്‍. ബിന്ദു
വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസ് ഇരിങ്ങാലക്കുട വഴി ആക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ചേര്‍ത്തലയില്‍നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള സൂപ്പര്‍ ഡീലക്സ് ബസ്സിനാണ് ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി റൂട്ട് മാറ്റം വരുത്തിയതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.
എന്നും ഉച്ചയ്ക്ക് 2.30 ന് ചേര്‍ത്തലയില്‍നിന്ന് പുറപ്പെടുന്ന ബസ്, ആര്‍ത്തുങ്കല്‍ (2.50), എറണാകുളം ജെട്ടി (വൈകീട്ട് 4.05), കൊടുങ്ങല്ലൂര്‍ (വൈകീട്ട് 5.05) വഴി ഇരിങ്ങാലക്കുടയില്‍ വൈകീട്ട് 5.30 ന് എത്തും. 5.35 ന് ഇരിങ്ങാലക്കുടയില്‍നിന്ന് പുറപ്പെട്ട് തൃശ്ശൂര്‍ (വൈകീട്ട് 6.40), പാലക്കാട് (രാത്രി 8.35), കോയമ്പത്തൂര്‍ (രാത്രി 10.20) വഴി പിറ്റേന്ന് പുലര്‍ച്ചെ 6.25 ന് വേളാങ്കണ്ണിയിലെത്തും.
വൈകീട്ട് 5.30 ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടുന്ന ബസ്, പാലക്കാട് (പുലര്‍ച്ചെ 2.50), തൃശ്ശൂര്‍ (പുലര്‍ച്ചെ 4.25) വഴി പുലര്‍ച്ചെ 5 മണിയ്ക്ക് ഇരിങ്ങാലക്കുടയില്‍ എത്തും. രാവിലെ 7.50 ന് ചേര്‍ത്തലയിലും എത്തുമെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.