വിജയദിനത്തിൽ രാജ്യമെമ്പാടും ആഘോഷങ്ങൾ, ചരിത്രം തിരുത്തിയെഴുതുന്ന കർഷകോത്സവം
അവകാശ സമരങ്ങളുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട കർഷക സമരത്തിൻ്റെ ഐതിഹാസിക വിജയം ഇന്ന് രാജ്യമെമ്പാടും കൊണ്ടാടും. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെല്ലാം നൂറുകണക്കിന് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പതാക ഉയർത്തിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ഉത്സവാന്തരീക്ഷത്തിലാണ് വിജയദിനം ആഘോഷിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയാണ് ആഘോഷങ്ങൾക്ക് ആഹ്വാനം നൽകിയത്. സംസ്ഥാനത്തും ആഘോഷ പരിപാടികൾ അരങ്ങേറും.
ലോകചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്ത അത്യപൂർവമായ ഒരു സമരവിജയത്തിൻ്റെ ആവേശം ഇന്ന് രാജ്യമെമ്പാടും അലയടിക്കും. ഉന്നയിച്ച ആവശ്യങ്ങളെല്ലാം നേടിയെടുത്ത്, അവ നടപ്പിലാക്കുമെന്ന് രേഖാമൂലം എഴുതി ഉറപ്പുവാങ്ങി, സർക്കാരിനെക്കൊണ്ട് മുട്ടുകുത്തിച്ച്, മാപ്പപേക്ഷിപ്പിച്ച്, അക്ഷരാർഥത്തിൽ ഐതിഹാസിക മാനത്തോടെ അതിഗംഭീര വിജയം കൈവരിച്ച സമരങ്ങളൊന്നും സമീപകാല ലോക ചരിത്രത്തിലില്ല. തുടക്കത്തിൽ ഉന്നയിച്ച പരിമിതമായ ആവശ്യങ്ങളേക്കാൾ എത്രയോ ഏറെ നേടാനായത് കർഷകർക്ക് മാത്രമല്ല, ഇന്ത്യാ മഹാരാജ്യത്ത് വിവിധ തൊഴിൽ മേഖലകളിൽ അവകാശ പോരാട്ടങ്ങളിൽ ഏർപ്പെടുന്നവർക്ക് മുഴുവൻ പുത്തൻ പ്രതീക്ഷകൾ പകർന്നു നൽകുമെന്ന കാര്യത്തിൽ സംശയമില്ല.