വിധു വിൻസെന്റിന്റെ 'വൈറൽ സെബി'; വേൾഡ് പ്രീമിയർ മാർച്ച് 20ന്
വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് "വൈറൽ സെബി'. ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് മാർച്ച് 20ന് ദുബായ് എക്സ്പോയിൽ ഇന്ത്യൻ പവിലിയനിൽ വെച്ച് വൈകീട്ട് 6 മണിക്ക് നടക്കുക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഒരു യൂട്യൂബർ ആവാൻ ആഗ്രഹിച്ചു നടക്കുന്ന ടാക്സി ഡ്രൈവർ സെബിയുടെയും നാട്ടിൽ പഠിക്കാൻ വരുന്ന വിദേശി പെൺകുട്ടി അഫ്രയുടെയും ജീവിതത്തിൽ നടക്കുന്ന വഴിത്തിരിവാകുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. നല്ലൊരു റോഡ് മൂവി ആയിരിക്കും സിനിമാ പ്രേമികളെ കാത്തിരിക്കുന്നതെന്ന സൂചനയാണ് ഇതിനകം ചിത്രത്തിൻ്റെ ട്രൈലർ നൽകുന്നത്.
ഈജിപ്ഷ്യൻ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബർ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിൻ്റെ തിരക്കഥ. എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോൾ, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.