'വിഡ്ഢിത്തം അല്ല ഇത് ഭ്രാന്ത്', ഹർത്താലിനെതിരെ വിജയ് ബാബു
ഇന്നു സംസ്ഥാനത്തു നടക്കുന്ന ഹർത്താലിന്റെ ലോജിക് എന്താണെന്ന് മനസിലാകുന്നില്ലെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണിതെന്നും ചൂണ്ടിക്കാട്ടി ഇന്നലെ സോഷ്യൽമീഡിയയിലൂടെയാണ് നിർമ്മാതാവും നടനുമായ വിജയ് ബാബു ഹർത്താലിനെ വിമർശിച്ച് രംഗത്തെത്തിയത്. പോസ്റ്റ് ശ്രദ്ധനേടിയതോടെ തന്റെ അഭിപ്രായത്തിനുനേരെ ഉയർന്ന കമ്മന്റുകൾക്കും അദ്ദേഹം മറുപടി നൽകി.
'നാളെ നടക്കാനിരിക്കുന്ന ഹർത്താലിന് പിന്നിലെ ലോജിക് മനസ്സിലാകുന്നില്ല (അതിപ്പോൾ ആര് ആഹ്വാനം ചെയ്തതാണെങ്കിലും!). അതും ഹർത്താലിനെക്കാൾ ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ! വിഡ്ഢിത്തം എന്ന വാക്കല്ല, അക്ഷരാർഥത്തിൽ ഭ്രാന്ത് എന്നു തന്നെ വിളിക്കണം. ദൈവം രക്ഷിക്കട്ടെ', എന്നായിരുന്നു വിജയ് ബാബുവിന്റെ പോസ്റ്റ്.
ഈ പോസ്റ്റിന് പിന്നാലെ 'പട്ടുമെത്തയിൽ കിടക്കുന്നവർക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാനാണ്' എന്ന് ചോദിച്ച് എത്തിയ കമന്റിന് മറുപടിയുമായാണ് വിജയ് എത്തിയത്. "സർ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസ്സിലാക്കാൻ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ," എന്നാണ് അദ്ദേഹം കമന്റിന് മറുപടി കുറിച്ചത്.