വിജയ് ദേവരകൊണ്ടയുടെ ബഹുഭാഷാ ചിത്രം 'ലിഗർ'; ടീസർ പുറത്ത്

പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം വിജയ് ദേവരകൊണ്ടയുടെ ബഹുഭാഷാ ചിത്രമായ ലിഗർ നാളുകളായി ഇന്ത്യൻ സിനിമാ ലോകത്തെ ചർച്ചാ വിഷയമാണ്. ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം തെലുഗ് താരത്തിന് പാൻ ഇന്ത്യൻ അംഗീകാരം നേടിക്കൊടുക്കും എന്ന കണക്കുകൂട്ടലാണ് ഉള്ളത്.

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ബോക്സിങ്ങ് താരത്തിൻ്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. സാലാ ക്രോസ് ബ്രീഡ് എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. അനന്യ പാണ്ഡയാണ് ചിത്രത്തിലെ നായിക. ഹിന്ദി, തെലുഗ്, തമിഴ്, കന്നട, മലയാളം ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഫസ്റ്റ് ടീസറും പുറത്തുവിട്ടത് ചിത്രത്തിൻ്റെ നിർമാതാക്കളിൽ ഒരാളായ പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ്.

മുംബൈയിലെ ഒരു ചായ് വാലയിൽ നിന്ന് ലോകം ആരാധിക്കുന്ന പ്രൊഫഷണൽ ബോക്സറായി മാറുന്ന നായകനെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്. ലോകം ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഹെവി വെയ്റ്റ് ബോക്സർമാരിൽ ഒരാളായ മൈക്ക് ടൈസൺ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ലിഗറിനുണ്ട്.

തിയേറ്ററുകളെ ഇളക്കിമറിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൻ്റെ വരവിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നേരത്തേ 200 കോടി രൂപയ്ക്ക് ചിത്രത്തിൻ്റെ ഒ ടി ടി അവകാശം വിറ്റതായി വാർത്തകൾ വന്നിരുന്നു. എന്നാൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും ലിഗറിനെ സംബന്ധിച്ച് 200 കോടി ഒന്നുമല്ലെന്നും അതിനേക്കാൾ എത്രയോ മടങ്ങ് അധിക കളക്ഷൻ തിയേറ്ററുകളിൽ നിന്ന് ലഭിക്കുമെന്നും അവകാശപ്പെട്ട് വിജയ് തന്നെ രംഗത്തു വന്നിരുന്നു. 2022 ആഗസ്റ്റ് 25-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Related Posts