വിജയ് ജാതിയും മതവുമില്ലാത്ത 'തമിഴൻ'

ചെന്നൈ: തന്റെ മകന്റെ സ്കൂൾ സർട്ടിഫിക്കറ്റിൽ മതവും ജാതിയും രേഖപ്പെടുത്തിയിട്ടില്ലെന്ന് തമിഴ് സൂപ്പർതാരം വിജയ്യുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. 'സായം' എന്ന പുതിയ തമിഴ് സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിലായിരുന്നു വെളിപ്പെടുത്തൽ. മകനെ സ്കൂളിൽ ചേർത്തപ്പോൾ അപേക്ഷയിൽ ജാതി, മതം എന്നീ കോളങ്ങളിൽ 'തമിഴൻ' എന്നാണ് കൊടുത്തത്.

മകൻ തമിഴ്നാട്ടിലാണ് ജനിച്ചത്. ഭാഷ തമിഴാണ്. അതുകൊണ്ടു 'തമിഴൻ' എന്നു വെയ്ക്കണമെന്ന് തീർത്തുപറഞ്ഞു. ആദ്യം സ്കൂളുകാർ സമ്മതിച്ചില്ല. സ്കൂൾ പൂട്ടിക്കാൻ സമരം ചെയ്യുമെന്ന് പറഞ്ഞതോടെയാണ് അവർ അത് അനുവദിച്ചത്. അന്നുമുതൽ വിജയ്യുടെ സർട്ടിഫിക്കറ്റിൽ ജാതിയുടെ സ്ഥാനത്ത് 'തമിഴൻ' എന്നാണുള്ളത്.

ജാതിക്ക് നമ്മളാണ് പ്രധാന്യം കൊടുക്കുന്നത്. വേണമെന്നുവെച്ചാൽ മക്കളെ സ്കൂളിൽ ചേർക്കുമ്പോഴേ ജാതി സൂചിപ്പിക്കാതെ പോകാം. അങ്ങനെവന്നാൽ വരുംകാലത്ത് ജാതിയേ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts