വിജയദശമി; ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ചത് 1750 കുട്ടികൾ

പറവൂർ: വിജയദശമി ദിനത്തിൽ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ 1750 കുട്ടികൾ ഹരിശ്രീ കുറിച്ചു. ക്ഷേത്രപരിസരത്ത് പ്രത്യേകം ഒരുക്കിയ വിദ്യാരംഭ മണ്ഡപത്തിലായിരുന്നു എഴുത്തിനിരുത്ത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്‍റെ മാതൃകയിൽ കേരളത്തിലുള്ള ഏക ക്ഷേത്രമായ ദക്ഷിണ മൂകാംബികയിൽ അതിരാവിലെ മുതൽ വിദ്യാരംഭത്തിനായി എത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി, കീഴ്ശാന്തി കെ യു വിജേഷ് എന്നിവർ പുലർച്ചെ നാലിന് പൂജ എടുത്തു. സരസ്വതി ചൈതന്യം ശ്രീകോവിലിൽ നിന്ന് നാലമ്പലത്തിൽ എഴുന്നള്ളിച്ചതിന് ശേഷമായിരുന്നു വിദ്യാരംഭം. രാവിലെ ആരംഭിച്ച വിദ്യാരംഭം ഉച്ചകഴിഞ്ഞ് 2.30 വരെ തുടർന്നു. ദർശനത്തിനു ശേഷം ക്ഷേത്രത്തിന്‍റെ മതിലിനോട് ചേർന്നുള്ള മണ്ണിൽ 'ഹരിശ്രീ' എന്ന് എഴുതിയാണ് കുട്ടികളും മുതിർന്നവരും മടങ്ങിയത്. ടി ആർ രാമനാഥൻ, പ്രഫ. കെ സതീശബാബു, എം കെ രാമചന്ദ്രൻ, ഡോ.കെ കെ ബീന, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, ആനന്ദവല്ലി, പറവൂർ ജ്യോതിസ്, ഐ എസ് കുണ്ടൂർ, വിനോദ്കുമാർ എസ് എമ്പ്രാന്തിരി, ഡോ. വി രമാദേവി, ഉണ്ണിക്കൃഷ്ണൻ മാടമന, മുരളി ഗോപിനിവാസ്, കോതകുളങ്ങര മോഹനൻ, ഡോ. കെ എ ശ്രീവിലാസൻ, ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവരാണു ഗുരുക്കന്മാർ. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. അഷ്ടാഭിഷേകം, ചിറപ്പ്, സംഗീതോത്സവം, പഞ്ചരത്ന കീർത്തനാലാപനം, വയലിൻ സോളോ, വിശേഷാൽ കഷായ വിതരണം എന്നിവ നടന്നു.

Related Posts