ജോലിക്ക് വേണ്ടി മദ്യപാനം ഉപേക്ഷിക്കാനൊരുങ്ങി വിനോദ് കാംബ്ലി
മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ ജോലി ലഭിക്കുന്നതിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി മദ്യപാനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്ക് ബി സി സി ഐ നൽകുന്ന പെൻഷനായ 30,000 രൂപ മാത്രമാണ് വിനോദ് കാംബ്ലിയുടെ ഇപ്പോഴത്തെ മാസവരുമാനം. മുംബൈ പോലൊരു നഗരത്തിൽ, ബി സി സി ഐ യുടെ പെൻഷൻ കൊണ്ട് മാത്രം ജീവിക്കാൻ അദ്ദേഹം പാടുപെടുകയാണ്. ചെറിയ വരുമാനത്തിൽ ഉപജീവനം നടത്താൻ പാടുപെടുന്ന കാംബ്ലി, മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ ജോലി ലഭിക്കുന്നതിനായി അനാരോഗ്യകരമായ മോശം ജീവിതശൈലി ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. തലേന്ന് രാത്രി 10 പെഗ് മദ്യം കഴിച്ച ശേഷം പിറ്റേന്ന് ക്രീസിൽ സെഞ്ച്വറി നേടിയ ഇടംകൈയൻ ബാറ്റ്സ്മാനാണ് ഇപ്പോൾ തന്‍റെ മദ്യപാന ശീലം ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്.