വിസ്മയയുടെ പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർമാരുടേയും ഫോറൻസിക് ഡയറക്ടറുടേയും വിശദമായ മൊഴി രേഖപ്പെടുത്തി.
വിസ്മയയുടെ മരണം; ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി; കിരണിന്റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും.

കൊല്ലം:
വിസ്മയയുടെ മരണം സംബന്ധിച്ച് പോസ്റ്റുമോർട്ടം നടത്തിയ തിരുവനനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന് ഡോക്ടർമാരുടേയും ഫോറൻസിക് ഡയറക്ടർ ശശികലയുടേയും മൊഴികൾ ശേഖരിച്ചു. ബാത്‌റൂമിൽ ജനാലയിൽ കെട്ടിയിരുന്ന ടർക്കി കഴുത്തിൽ മുറുക്കിയാണ് വിസ്മയ മരിച്ചത്. ഇത് വിസ്മയ സ്വയം ചെയ്തതാണോ അതോ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്ന ചോദ്യത്തിനാണ് ഡോക്ടർമാരിൽ നിന്ന് പോലീസ് ഉത്തരം തേടിയത്.
വിസ്മയയുടെ കഴുത്തിലെ പാടുകൾ, അതിന്റെ ആഴം, സ്വയം തൂങ്ങുമ്പോഴും മറ്റൊരാൾ കെട്ടിത്തൂക്കുമ്പോഴുമുള്ള വ്യത്യാസം, ടർക്കി കഴുത്തിൽ മുറുകുമ്പോഴും മറ്റൊരാൾ മുറുക്കുമ്പോഴുമുള്ള മാറ്റം തുടങ്ങിയ ചോദ്യങ്ങൾക്കും അന്വേഷണ സംഘം ഡോക്ടർമാരിൽ നിന്ന് ഉത്തരം തേടി. കിരണിനെ കസ്റ്റഡിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകുന്ന പോലീസ് സംഘം സഹോദരി ഭർത്താവിനേയും ചോദ്യം ചെയ്യും. സഹോദരി ഭർത്താവിനും ഗാർഹിക പീഢനത്തിലും മാനസിക പീഢനത്തിലും പങ്കുണ്ടെന്ന് വിസ്മയയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
ബാത്‌റൂമിൽ സംഭവ ദിവസം ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയുടെ വിശദാംശങ്ങൾ ഫോറൻസിക് ഡയറക്ടറിൽനിന്ന് അന്വേഷണ സംഘം രേഖപ്പെടുത്തി. വിസ്മയയുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, കിരണിന്റെ അയൽക്കാർ, സഹപ്രവർത്തകർ തുടങ്ങിയവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി. കിരണിന്റെ ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കി. ഇവയുടെ വിശദാശംങ്ങൾ ഉടൻ ലഭിക്കും. കിരണിന്റെ അക്കൗണ്ടുകളിലെ ഇടപാടുകളും പോലീസ് വിശദമായി പരിശോധിക്കുകയാണ്.