വിസ്മയ കേസില്‍ വിധി ഇന്ന്

കൊല്ലം: വിസ്മയ കേസിൽ ഇന്ന് കോടതി വിധി. കൊല്ലം അഡീഷണൽ സെഷൻസ് കേടതിയാണ് വിധി പറയുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി പറയുന്നത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. കിരണിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തല്‍, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

വിസ്താരത്തിനിടെ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള, സഹോദരി കീര്‍ത്തി, സഹോദരീ ഭര്‍ത്താവ് മുകേഷ് എം നായര്‍ തുടങ്ങി ബന്ധുക്കളായ അഞ്ച് സാക്ഷികള്‍ കൂറു മാറുകയും ചെയ്തിരുന്നു. കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്നതിന് തെളിവായി ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. കിരണിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഇതില്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങള്‍ ലഭിച്ചിരുന്നു. ഇതും കേസിലെ നിര്‍ണായക തെളിവുകളായേക്കും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാ​ഗത്തിന് വേണ്ടി അഡ്വ പ്രതാപ ചന്ദ്രന്‍ പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.

2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയുമുണ്ടായി.

Related Posts