വിസ്മയയുടെ മരണം; കിരണിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; പോലീസ് ഉടൻ അപേക്ഷ സമർപ്പിക്കും.

കൊല്ലം:
സ്ത്രീധന പീഡനത്തിന് ഇരയായി വിസ്മയ മരിച്ച കേസിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനം. ഇതിനായി രണ്ടു ദിവസത്തിനകം അന്വേഷണ സംഘം ശാസ്താംകോട്ട കോടതിയിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള അപേക്ഷ നൽകും.
ഐ പി സി 498 ഏ ,304 ബി വകുപ്പുകൾ ആണ് കിരണിനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻമേലുള്ള വിശകലനങ്ങൾ പൂർത്തിയായ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. വിസ്മയയുടെ കുടുംബം നൽകിയ 80 പവൻ സ്വർണം കിരൺ പോരുവഴിയിലെ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലോക്കറും തുറന്നു പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.