വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ഐ ജി ഹര്‍ഷിത അത്തല്ലൂരിക്ക് കേസന്വേഷണത്തിന്‍റെ മേല്‍നോട്ടം.
കൊല്ലം:
ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റതിന് പിന്നാലെ ആത്മഹത്യ ചെയ്ത വിസ്‍മയുടെ ഭര്‍ത്താവ് കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കിരണിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വിസ്മയ മരിക്കുന്നതിന് തലേദിവസം മർദ്ദിച്ചിട്ടില്ലെന്നാണ് കിരണിന്‍റെ മൊഴി. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ പറഞ്ഞതായി കിരൺ പറഞ്ഞു.
തന്റെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ബാത്‌റൂമിൽ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയ ബാത്‌റൂമിൽ നിന്ന് പുറത്തുവരാതെ ഇരുന്നപ്പോഴാണ് താൻ ബാത്‌റൂമിന്റെ വാതിൽ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മർദ്ദനത്തിന്റെ പാടുകൾ നേരത്തെ ഉണ്ടായതാണ്. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായതെന്നും കിരൺ പൊലീസിനോട് പറഞ്ഞു.
ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഐ ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.