സഹോദരിക്ക് ഓണസമ്മാനമായി തലചായ്ക്കാനൊരിടമൊരുക്കി കരയാമുട്ടം വിവേകാനന്ദ സേവാ കേന്ദ്രം.
വലപ്പാട്: എത് നിമിഷവും തകർന്ന് വീഴാവുന്ന ഒറ്റമുറി ഷെഡിൽ കഴിഞ്ഞിരുന്ന അമ്മയ്ക്കും മകനും തലചായ്ക്കാൻ സുരക്ഷിതമായൊരു വീടൊരുക്കി കരയാമുട്ടം വിവേകാനന്ദ സേവാ കേന്ദ്രം. കരയാമുട്ടം വോൾഗ സെന്ററിന് സമീപം പൊയ്യാറ വള്ളിപ്പറമ്പിൽ.
പരേതനായ ഗിരീഷിന്റെ ഭാര്യ സിമിയും മകൻ ആദിത്യദേവും ഭീതിയോടെ ഒറ്റമുറി ഷെഡിൽ കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. പതിനാറ് വർഷങ്ങൾക്ക് മുൻപാണ് സിമിയുടെ ഭർത്താവ് ഗിരീഷ് മരണപ്പെട്ടത്. വിദ്യാർത്ഥിയായ മകനുമൊത്ത് സധൈര്യം താമസിക്കാൻ ഒരു വീടൊരുക്കാൻ സിമി ഏറെ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് ഇവർക്ക് സുരക്ഷിതമായ വീടൊരുക്കാൻ വിവേകാനന്ദ പ്രവർത്തകർ മുന്നോട്ട് വന്നത്.
ആറ് മാസങ്ങൾ കൊണ്ട് രണ്ട് ബെഡ് റൂമുകളും , അടുക്കളയും, ഹാളും , വരാന്തയുമായി സിമിയ്ക്ക് ഓണസമ്മാനമായ സ്വപ്നവീട് ഒരുങ്ങി കഴിഞ്ഞു.
ആഗസ്റ്റ് 20 വെള്ളിയാഴ്ച, ഉത്രാട ദിനത്തിൽ രാവിലെ താക്കോൽ ദാനവും ഗൃഹപ്രവേശവും നടക്കും. പ്രദീപ് മുതിരപ്പറമ്പിൽ, സജീഷ് കെ ഡി, ഷാലി വാഴപ്പുള്ളി, രാഹുൽ, കിരൺ കൊണ്ടിയാറ, ബീനീഷ് കെ ഡി തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് വീടിന്റെ നിർമാണം പൂർത്തീകരിച്ചത്.