വിവോ മാറി; ഐപിഎൽ ടൈറ്റിൽ സ്പോൺസറായി ടാറ്റ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസറായി ടാറ്റാ ഗ്രൂപ്പ്. ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെ സ്ഥാനത്താണ് ടാറ്റ വരുന്നത്. ഇന്ന് ചേർന്ന ഗവേണിങ്ങ് കൗൺസിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ വാർത്ത സ്ഥിരീകരിച്ചു.
2018-2022 കാലയളവിലെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾക്കായി വിവോയുമായി 2200 കോടി രൂപയുടെ കരാറാണ് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ 2020-ൽ ഗാൽവൻ താഴ് വരയിലെ ഇന്ത്യ-ചൈനീസ് സൈനിക സംഘർഷത്തെ തുടർന്ന് ഒരു വർഷത്തേക്ക് വിവോ കരാറിൽ നിന്ന് വിട്ടുനിന്നു.
2021-ൽ സ്പോൺസർ സ്ഥാനത്തേക്ക് വിവോ തിരിച്ചെത്തി. എങ്കിലും കരാർ അവകാശം മറ്റൊരു കമ്പനിക്ക് കൈമാറാൻ വിവോ ആഗ്രഹിക്കുന്നതായും ഈ നീക്കത്തിന് ബിസിസിഐ അംഗീകാരം നൽകുന്നതായും ഊഹാപോഹങ്ങൾ ഉയർന്നിരുന്നു.