തീരശോഷണത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനു പങ്കില്ല; എൻഐഒടി പഠനം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. ചെന്നൈയിലെ എൻഐഒടി നടത്തിയ പുതിയ പഠനത്തിലാണ് കണ്ടെത്തൽ. വലിയ തോതിൽ കടൽക്ഷോഭം നേരിടുന്ന വലിയതുറ, ശംഖുമുഖം ഭാഗങ്ങളിൽ വരും വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നും തീരം സുസ്ഥിരമാകുമെന്നും എൻ.ഐ.ഒ.ടി പഠനം പറയുന്നു. 2022 ലെ കരട് വാർഷിക പഠന റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ. 2021 ഒക്ടോബറിനും 2022 സെപ്റ്റംബറിനും ഇടയിലാണ് എൻഐഒടിയുടെ പഠനം നടന്നത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ വരെ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിൽ തീരശോഷണം പ്രകടമാണ്. ഈ കാലയളവിൽ തുമ്പ-ശംഖുമുഖം, പുല്ലുവിള-പൂവാർ ഭാഗങ്ങളിൽ തീരം വെയ്പ്പ് കണ്ടെത്തിയിരുന്നു. തീരം വയ്പ്പിനോ തീരശോഷണത്തിനോ കാര്യമായ സ്വാധീനം ചെലുത്താൻ തുറമുഖ നിർമ്മാണത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം ഉൾപ്പെടെയുള്ള ആവർത്തിച്ചുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളാണ് മാറ്റങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമായ ഹോട്ട്സ്പോട്ടുകൾ നിർമ്മാണ സ്ഥലത്ത് നിന്ന് 13-15 കിലോമീറ്റർ അകലെയാണ്. പൂന്തുറ-ഭീമപ്പള്ളി ഭാഗത്തെ പുലിമുട്ട് നിർമ്മാണമാണ് വലിയതുറയിലെ കടൽക്ഷോഭം രൂക്ഷമാകാൻ കാരണം.