വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിക്കും; സമരപ്പന്തൽ ഇന്ന് പൊളിച്ചുനീക്കും
തിരുവനന്തപുരം: വിഴിഞ്ഞം സമര പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കവടത്തെ സമര പന്തൽ നീക്കുന്നതോടെ തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കും. പന്തൽ പൊളിച്ച ശേഷം നിർമ്മാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 140 ദിവസം നീണ്ട പ്രതിഷേധം ഒത്തുതീർപ്പായ പശ്ചാത്തലത്തിൽ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം അദാനി ഗ്രൂപ്പ് ഉടൻ പുനരാരംഭിക്കും. സമരം അവസാനിച്ചതോടെ സമരസമിതിയിൽ നിന്ന് അദാനി ആവശ്യപ്പെട്ട 200 കോടി രൂപ തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങും. പകരം, നിർമ്മാണം പൂർത്തിയാക്കാൻ സർക്കാരിന് സമയപരിധി നീട്ടി നൽകേണ്ടി വരും. കരാർ കാലാവധി തീരുന്ന സാഹചര്യത്തിൽ അദാനിയിൽ നിന്ന് ആർബിട്രേഷൻ ഇനത്തിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള സർക്കാരിന്റെ ശ്രമവും ഉപേക്ഷിച്ചേക്കും. അതേസമയം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ പ്രധാന പരാതി. ഉത്തരവ് വീണ്ടും സംഘർഷം സൃഷ്ടിച്ചുവെന്നും കേന്ദ്രസേനയുടെ സംരക്ഷണമില്ലാതെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു. നിർമ്മാണ സൈറ്റിനുള്ളിൽ കേന്ദ്ര സേന സുരക്ഷ ഒരുക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.