വിഴിഞ്ഞം സമരം; ഉറപ്പ് രേഖാമൂലം നൽകണമെന്ന് സമരസമിതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ സമവായ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഉറപ്പുകൾ രേഖാമൂലം നൽകണമെന്ന് സമരസമിതി. മന്ത്രിതല ഉപസമിതിയുടെ നിർദേശങ്ങളിൽ തീരുമാനം സമരസമിതി സർക്കാരിനെ അറിയിക്കും. പുനരധിവാസം ഉൾപ്പെടെയുള്ള സമഗ്ര പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. തീരശോഷണം പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാനും ധാരണയായി. ഏഴ് ആവശ്യങ്ങളിൽ ആറെണ്ണത്തിൽ രേഖാമൂലം ഉറപ്പ് ലഭിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിൻമാറാനാണ് സാധ്യത. കഴിഞ്ഞ ആഴ്ചകളിൽ തുറമുഖ പണിമുടക്കിന് ആഹ്വാനം ചെയ്ത് പള്ളികളിൽ വായിച്ചിരുന്ന സർക്കുലർ ഇന്നില്ലാത്തതും സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത മയപ്പെടുന്നുവെന്നതിന്‍റെ സൂചനയാണ്. ചൊവ്വാഴ്ച മന്ത്രിതല സമിതിയുമായി വീണ്ടും ചർച്ച നടത്തും.