വിഴിഞ്ഞം സമരം; സമവായ നീക്കം സജീവം, സമരസമിതി ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളോടുള്ള നിലപാട് സമരസമിതിയും ലത്തീൻ അതിരൂപതയും ഇന്ന് അറിയിക്കും. രാവിലെ ലത്തീൻ രൂപതയിലെ വൈദികരുടെ യോഗവും തുടർന്ന് സമരസമിതി യോഗവും നടക്കും. ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ ധാരണയിലെത്തിയാൽ മന്ത്രിതല സമിതി പ്രതിഷേധക്കാരുമായി ചർച്ച നടത്തും. തീരശോഷണം പഠിക്കാൻ പ്രാദേശിക വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന സമരസമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ല. സമിതി രൂപീകരിച്ചിട്ടുണ്ടെന്നും പ്രാദേശിക വിദഗ്ധരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കാമെന്നുമാണ് സർക്കാർ നിലപാട്. വാടക 5,500 രൂപയിൽ നിന്ന് 8,000 രൂപയായി ഉയർത്തണമെന്ന സമരസമിതിയുടെ ആവശ്യത്തോടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. അധികമായി നൽകുന്ന പണം അദാനി ഗ്രൂപ്പിന്‍റെ സിഎസ്ആർ ഫണ്ടിൽ നിന്ന് ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. ഉറപ്പുകൾ സമയബന്ധിതമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാമെന്നും സമരസമിതി പ്രതിനിധിയെയും ഉൾപ്പെടുത്താമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Related Posts