വിഴിഞ്ഞം സമരം; മുഖ്യമന്ത്രി ക്ലിമ്മിസ് ബാവയുമായി ചർച്ച നടത്തി
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടൽ സജീവമാക്കി. കർദിനാൾ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. നേരത്തെ ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവ, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ലീമിസ് ബാവയാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചത്. ഇനി ഒരു സംഘർഷം ഒഴിവാക്കണമെന്നാണ് ചർച്ചയിലെ പൊതുവികാരം. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി ശുപാർശ ചെയ്യുന്ന ഒരാളെ കൂടി ഉൾപ്പെടുത്താനുള്ള നിർദേശവും പരിഗണനയിലുണ്ട്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് നടപടികൾ വൈകിയേക്കും.