വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപത ഇന്ന് വഞ്ചനാദിനമാചരിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ഇന്ന് മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. മുല്ലൂരിലെ ഉപരോധ സമരസ്ഥലത്ത് പൊതുയോഗവും നടക്കും. ഇടവകാംഗങ്ങൾ സമരവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരികൾ കത്തിക്കും. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ തൽക്കാലം കൂടുതൽ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. ഇന്നലെ ചേർന്ന സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട് അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ഉയർത്തിക്കാട്ടാൻ എക്സ്പെർട്ട് സമ്മിറ്റ് പരിപാടി ഇന്ന് തിരുവനന്തപുരത്ത് നടക്കും. വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.