വിഴിഞ്ഞം; കേന്ദ്രസേനയെ സർക്കാർ ക്ഷണിക്കില്ല, വരുന്നതിൽ എതിര്‍പ്പില്ല
തിരുവനന്തപുരം: പ്രക്ഷുബ്ധമായ വിഴിഞ്ഞത്തേക്ക് കേന്ദ്രസേനയെ ക്ഷണിക്കുന്നതിൽ ജാഗ്രത പുലർത്താൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്ര സേനയുടെ സുരക്ഷ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടില്ല. എന്നാൽ, അദാനി ഗ്രൂപ്പിന്‍റെ ആവശ്യപ്രകാരം കേന്ദ്ര സേന എത്തിയാൽ സർക്കാർ എതിർക്കില്ല. കോടതിയില്‍ സമ്മതം പ്രകടിപ്പിച്ചെങ്കിലും എടുത്തുചാട്ടം അവസ്ഥ വഷളാക്കുമെന്ന തിരിച്ചറിവിലാണ് സർക്കാർ തീരുമാനം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാർ ആണെങ്കിലും, അതുവേണ്ടെന്നാണ് എൽഡിഎഫിന്‍റെ നിലപാട്. ആവശ്യമെങ്കിൽ നിലവിലെ സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും. ഇക്കാര്യത്തിൽ കോടതിയോ കേന്ദ്ര സർക്കാരോ എടുക്കുന്ന തീരുമാനം അംഗീകരിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.