വ്ളാഡിമിർ പുടിന്‍ കോണിപ്പടിയില്‍ നിന്ന് വീണു; ആരോഗ്യസ്ഥിതി മോശമെന്നും സൂചന
മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ കാൽ വഴുതി കോണിപ്പടിയിൽ നിന്ന് വീണതായി റിപ്പോർട്ട്. മോസ്കോയിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലാണ് സംഭവം. നേരത്തെ പുടിന്‍റെ അനാരോഗ്യത്തെക്കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. പടികൾ ഇറങ്ങുമ്പോൾ പുടിൻ കാൽ വഴുതി വീഴുകയായിരുന്നു. വീണയുടൻ പുടിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ സഹായത്തിനായി ഓടിയെത്തി. തുടർന്ന് അദ്ദേഹത്തിന് വൈദ്യസഹായം നൽകി. ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന അർബുദം പുടിന് സ്ഥിരീകരിച്ചിരുന്നെന്ന് വാർത്തകളുണ്ടായിരുന്നു. വീട്ടിൽ, വഴുതിവീഴലിനെ പ്രതിരോധിക്കുന്ന ചെരുപ്പുകളാണ് പുടിന്‍ ധരിക്കാറുള്ളത്. പുടിന്‍റെ വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുടിന് കാൻസറും പാര്‍ക്കിന്‍സണ്‍ രോഗവും ഉണ്ടെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹം കോണിപ്പടിയിൽ നിന്ന് വഴുതി വീണെന്ന വാർത്തയും പുറത്തുവന്നത്.