വാക്സിൻ ഫലപ്രദമല്ലാത്തതിനാൽ തെരുവുനായ്ക്കളെ പിടികൂടാൻ ഇല്ലെന്ന് സന്നദ്ധപ്രവർത്തകർ
മലപ്പുറം: പേവിഷബാധയ്ക്കെതിരെ നിലവിലെ വാക്സിൻ ഫലപ്രദമല്ലാത്തതിനെ തുടർന്ന് തെരുവുനായ്ക്കളെ പിടികൂടുന്നതിൽ നിന്ന് സന്നദ്ധപ്രവർത്തകർ പിൻവാങ്ങി. നായ്ക്കളെ പിടിക്കുമ്പോൾ അബദ്ധത്തിൽ കടിയേറ്റാൽ സുരക്ഷിതമായ വാക്സിൻ കേരളത്തിൽ ലഭ്യമാകുമോ എന്ന സംശയമാണ് കാരണമെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു. രണ്ട് മാസം മുമ്പ് നിലമ്പൂർ ജ്യോതിപ്പടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ ആറാം ക്ലാസ് വിദ്യാർത്ഥി പ്രിന്‍സിന് ഇപ്പോഴും ഭീതി മാറിയിട്ടില്ല. തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ പോലും ഭയമാണെന്ന് ബീഹാർ സ്വദേശിയായ പിതാവ് പ്രേം കുമാർ പറഞ്ഞു. പ്രിൻസ് ഉൾപ്പെടെ 19 പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പിന്നീട് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന എമർജൻസി റെസ്ക്യൂ ഫോഴ്സാണ് (ഇആർഎഫ്) നിലമ്പൂരിൽ പേവിഷബാധയേറ്റ ഈ തെരുവുനായയെ ഉൾപ്പടെ പിടികൂടിയത്. ജനങ്ങളുടെ സുരക്ഷയ്ക്കായി നിരവധി അപകടകാരികളായ നായ്ക്കളെ ഇആർഎഫ് പിടികൂടിയിരുന്നു. ജില്ലാ ഭരണകൂടവും ഇആര്‍എഫിന്‍റെ സഹായം തേടാറുണ്ട്. വാക്സിൻ ഫലപ്രദമല്ലാത്തതിനാൽ തെരുവുനായ്ക്കളെ പിടിക്കാൻ ഇപ്പോൾ ധൈര്യമില്ലെന്ന് ഇആർഎഫ് പറയുന്നു. ഇ.ആർ.എഫ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ പിന്‍മാറിയാല്‍ പേപ്പട്ടികളെപോലും പിടികൂടുന്നതു പ്രയാസമാകും.