ഓസ്‍കര്‍ അവാര്‍ഡിന് വോട്ട് രേഖപ്പെടുത്തി; ആദ്യ തെന്നിന്ത്യൻ അഭിനേതാവായി സൂര്യ
തെന്നിന്ത്യൻ താരം സൂര്യ ഓസ്കറിൽ വോട്ട് രേഖപ്പെടുത്തി. ഓസ്കറിൽ സൂര്യയുടെ ആദ്യ വോട്ടാണിത്. താൻ ഓസ്കറിൽ വോട്ട് ചെയ്തതായി സൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസിൽ അംഗമാകുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് സൂര്യ. ബോളിവുഡ് നടി കാജോളും സമിതിയിൽ അംഗമാണ്. സംവിധായിക റീമ കാഗ്തിയാണ് സമിതിയിലേക്ക് ക്ഷണിക്കപ്പെട്ട മറ്റൊരു ഇന്ത്യക്കാരി. ഡോക്യുമെന്‍ററി സംവിധായകരായ സുസ്മിത് ഘോഷ്, റിന്‍റു തോമസ് എന്നിവരും ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സുസ്മിത് ഘോഷ്, റിന്‍റു തോമസ് എന്നിവർ സംവിധാനം ചെയ്ത 'റൈറ്റിംഗ് വിത്ത് ഫയർ' എന്ന ഡോക്യുമെന്‍ററിക്ക് കഴിഞ്ഞ തവണ ഓസ്കർ നോമിനേഷൻ ലഭിച്ചപ്പോൾ സൂര്യ നായകനായ 'സൂരരൈ പോട്ര്' 2021 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായിരുന്നു. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, എ ആർ റഹ്മാൻ, അലി ഫസൽ, അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, ഏക്താ കപൂർ, വിദ്യാ ബാലൻ എന്നിവർ ഇതിനകം അക്കാദമിയുടെ ഭാഗമായിട്ടുണ്ട്. അത്തരം ക്ഷണിക്കപ്പെട്ട അംഗങ്ങൾക്ക് ലോസ് ഏഞ്ചൽസിൽ വർഷം തോറും നടക്കുന്ന ഓസ്കർ അവാർഡുകൾക്ക് വോട്ടുചെയ്യാൻ അർഹതയുണ്ട്. ഏതൊക്കെ സിനിമകൾക്കാണ് സൂര്യ വോട്ട് ചെയ്തത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഈ വർഷത്തെ ഓസ്കർ പുരസ്കാരം ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അവാർഡ് പ്രഖ്യാപനമാണ്. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ അവാർഡിനായി മത്സരിക്കുന്ന 'ആർആർആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിലാണ് ആരാധകർ പ്രതീക്ഷയർപ്പിക്കുന്നത്. ഷോണക് സെന്നിന്‍റെ 'ഓൾ ദാറ്റ് ബ്രീത്ത്സ്', കാർത്തിക് ഗോൺസാൽവസിന്‍റെ 'ദി എലിഫന്‍റ് വിസ്പേഴ്സ്' എന്നിവയും ഇന്ത്യയിൽ നിന്ന് ഓസ്കറിലേക്ക് മത്സരിക്കുന്ന ഡോക്യുമെന്‍ററികളിൽ ഉൾപ്പെടുന്നു.