മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് തുടങ്ങി, കടുത്ത മത്സരം

ഷില്ലോങ്/കൊഹിമ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിൽ ഇരു സംസ്ഥാനങ്ങളിലും രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 4 വരെ തുടരും. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി), തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. എൻപിപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നത്. 2018 ൽ ബിജെപിക്ക് 2 സീറ്റുകൾ മാത്രമാണ് ലഭിച്ചതെങ്കിലും എൻപിപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞു. അഴിമതി ആരോപണത്തെ തുടർന്ന് സാങ്മയുടെ പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയത്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും മറ്റ് നിരവധി കോൺഗ്രസ് എംഎൽഎമാരും കൂറുമാറിയതിനെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി മാറിയിരുന്നു. നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018 ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12 എണ്ണം നേടിയ ബിജെപി എൻഡിപിപിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന ധാരണ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.


Related Posts