കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺ ലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പത്തു ലക്ഷത്തിന്റെ സ്മാർട്ട് ഫോണുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
'ഗുരു കാരുണ്യ'; പഠനാവശ്യത്തിന് സ്മാർട്ട് ഫോൺ ലൈബ്രറിയുമായി കഴിമ്പ്രം വി പി എം എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ .
തൃശ്ശൂർ:
കൊവിഡ് മഹാമാരി കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കുകയും ഓൺലൈൻ പഠനത്തെ നിർബന്ധമായി ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുവാൻ തയ്യാറെടുക്കുകയാണ് കഴിമ്പ്രം വി പി എം എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ. മഹാകവി കുമാരനാശാൻ ഗവേഷണ ലൈബ്രറി എന്ന കേരളത്തിലെ വിദ്യാലയങ്ങളിലെ തന്നെ ഏറ്റവും വലിയ ലൈബ്രറി സ്വന്തമായുള്ള ഈ വിദ്യാലയം 'ഗുരു കാരുണ്യ' എന്ന പേരിൽ ആരംഭിക്കുന്ന സ്മാർട്ട് ഫോൺ ലൈബ്രറിയിൽ 140 ഓളം ഫോണുകളാണ് കുട്ടികൾക്കായി ശേഖരിച്ചിരിക്കുന്നത്. അതിൽ തന്നെ പകുതിയോളം ഫോണുകൾ അധ്യാപകർ സ്വന്തമായി കണ്ടെത്തിയവയാണ്. ജനപ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ, മറ്റ് സംഘടനകൾ, നാട്ടുകാർ, പി. ടി. എ., മാനേജ്മെന്റ് എന്നിവരുടെ നിസ്വാർത്ഥമായ സഹകരണം ആണ് പത്തു ലക്ഷത്തോളം സമാഹരിക്കാൻ സഹായിച്ചത്.
സമാഹരിച്ച ഫോണുകൾ രജിസ്റ്റർ തയ്യാറാക്കി അതിൽ രേഖപ്പെടുത്തിയതിനു ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും, മറ്റു ഉപകരണങ്ങൾ ലഭ്യമാകുന്ന മുറക്ക് തിരിച്ചു കിട്ടുന്നവ ആവശ്യക്കാർക്ക് വീണ്ടും നൽകുകയും ചെയ്യുന്ന വിധത്തിലാണ് ഫോൺ ലൈബ്രറി വിഭാവനം ചെയ്തിരിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് എസ്. എൻ. ഡി. പി. യോഗം നാട്ടിക യൂണിയൻ ഹാളിൽ സംഘടിപ്പിച്ച പ്രതീകാത്മക ചടങ്ങ് റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഫോൺ രജിസ്റ്ററും ഫോണുകളും പി. ടി. എ. പ്രസിഡണ്ട് രമേഷ്ബാബുവിന് കൈമാറി ഉദ്ഘാടനം ചെയ്തു. എസ്. എൻ. ഡി. പി യോഗം നാട്ടിക യൂണിയൻ പ്രസിഡണ്ടും കഴിമ്പ്രം സ്കൂൾ ലോക്കൽ മാനേജറും ആയ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഒ. വി. സാജു സ്വാഗതവും, ഹെഡ്മിസ്ട്രെസ് നടാഷ ടീച്ചർ ഫോൺ ലൈബ്രറിയുടെ പ്രവർത്തനവും വിശദീകരിച്ചു. മുഖ്യതിഥി വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, വെൽഫയർ കമ്മിറ്റി കൺവീനർ പി. വി സുദീപ് കുമാർ മാസ്റ്റർ, വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ, ഒ. എസ്. എ പ്രസിഡണ്ട് പ്രേംകുമാർ തൈപറമ്പത്ത്, എസ്. എൻ. ഡി. പി യോഗം നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, മാതൃസംഗമം പ്രസിഡണ്ട് സുബില പ്രസാദ്, എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ. ഐ മുജീബ് മാസ്റ്റർ നന്ദി പറഞ്ഞ യോഗത്തിനും, തുടർ പ്രവർത്തനങ്ങൾക്കും നോഡൽ ഓഫീസർ എം. പി. പ്രശാന്ത്, വി. ജി. സിന്ധു എന്നിവർ നേതൃത്വം നൽകി.