വൈപ്പിനിൽ വള്ളം മറിഞ്ഞു; തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവായി
വൈപ്പിൻ: വൈപ്പിനിൽ മൽസ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. കൊച്ചി വൈപ്പിനിൽ 48 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ ഇന്‍ബോര്‍ഡ് വളളമാണ് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപ്പെടുത്തി.
തലനാരിഴയ്ക്കാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടത്. കണ്ണൻ എന്ന ഒരു തൊഴിലാളിക്ക് നിസാര പരിക്കേറ്റതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പുതുവൈപ്പിനിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരത്ത് പടിഞ്ഞാറ് ഭാഗത്ത് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. വൈപ്പിൻ കാളമുക്കിൽ നിന്നും പുറപ്പെട്ട വള്ളം പുതുവൈപ്പ് എൽ എൻ ജി ടാങ്കിന് സമീപത്തു വെച്ച് മൂന്ന് മാസം മുമ്പ് അപകടത്തിൽപ്പെട്ട് മുങ്ങിയ ബോട്ടിന്‍റെ ഇരുമ്പു തകിടിൽ ഇടിച്ച് മറിയുകയായിരുന്നു. ഉടൻ സമീപത്തുളള മറ്റ് വള്ളത്തിലുള്ളവർ എത്തി എല്ലാവരെയും രക്ഷപ്പെടുത്തി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായതെന്ന് അപകടത്തിൽപ്പെട്ടവർ പറഞ്ഞു. അപകടത്തിൽ പെടുന്ന ബോട്ടുകൾ നീക്കാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അപകടത്തിൽ പെട്ട ഇൻ ബോർഡ് വള്ളം കരഭാഗത്ത് നിന്നും അരക്കിലോ മീറ്റർ അടുത്ത് വരെ എത്തിച്ചിട്ടുണ്ട്. ഏകദേശം ഒന്നരക്കോടി രൂപ വരുന്നവയാണ് ഇത്തരം ഇൻ ബോർഡ്.